ലണ്ടൻ: യുകെയിൽ വിദ്യാർഥി വിസയിലെത്തിയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിനി അനീന പോൾ (24) ആണ് ലണ്ടനിലെ ഇൽഫോഡിൽ അന്തരിച്ചത്. കോഴ്സ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ ദുരന്തവാർത്ത. ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിലുള്ള താമസസ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അനീന അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. ഉടൻതന്നെ റോംഫോർഡിലെ കിങ് ജോർജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അനീന, കഴിഞ്ഞ ദിവസം പുലർച്ചെ 3.30-ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അനീന 2024 സെപ്റ്റംബറിലാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി അഗ്രികൾച്ചർ കോഴ്സ് പഠനത്തിനായി എത്തുന്നത്.
പഠനം അവസാനഘട്ടത്തിലേക്ക് എത്താറായപ്പോഴാണ് വിധി ജീവൻ കവർന്നെടുത്തത്. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടിൽ വറീത് പൗലോസ് – ബ്ലെസ്സി പോൾ ദമ്പതികളുടെ മകളാണ്. മാതാപിതാക്കൾക്ക് ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് പെണ്മക്കളിൽ ഒരാളായ അനീനയെ ഏറെ പ്രതീക്ഷകളോടെയാണ് കുടുംബാംഗങ്ങൾ യുകെയിൽ പഠനത്തിനായി വിട്ടത്. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരൻ കൂടിയുണ്ട്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും അനീനയുടെ കുടുംബത്തെ സഹായിക്കുന്നതിനും ഇൽഫോഡിലെ വിവിധ മലയാളി സംഘടനകൾ സംയുക്തമായി ശ്രമങ്ങൾ നടന്നുവരുന്നു.
malayali-student-dies-uk-collapsed-before-course-end
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



