ഇന്ത്യൻ സിനിമയുടെ നെറുകയിൽ 50 വർഷം പൂർത്തിയാക്കിയ തമിഴ് നാടിൻ്റെ സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയ ജീവിതത്തോട് വിട പറയുന്നു എന്ന അഭ്യൂഹം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിൻ്റെ കരിയറിലെ അവസാന ചിത്രമായിരിക്കും സുഹൃത്തും പ്രിയങ്കരനുമായ കമൽഹാസനൊപ്പം അഭിനയിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ ലോകത്ത് തൻ്റെ താരപദവി ഒട്ടും ചോർന്നുപോകാതെ നിലനിർത്തുന്ന രജനീകാന്തിൻ്റെ ഈ തീരുമാനം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് ആദ്യം വന്ന വാർത്തകളിൽ, രാജ് കമൽ ഫിലിംസ് ഇൻ്റർനാഷനൽ (ആർ.കെ.എഫ്.ഐ) നിർമ്മിക്കുന്ന ചിത്രം ലോകേഷ് കനകരാജ് ആയിരിക്കും സംവിധാനം ചെയ്യുക എന്നായിരുന്നു. എന്നാൽ, ഏറ്റവും പുതിയ വിവരമനുസരിച്ച് ‘ജയിലർ 2’ ന് ശേഷം നെൽസൺ ആയിരിക്കും ഈ സൂപ്പർ സ്റ്റാർ ചിത്രത്തിൻ്റെ സംവിധായകൻ. ഈ ചിത്രം 2028-ൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് അറിയുന്നത്. ഇതിനിടെ രജനീകാന്ത് ആർ.കെ.എഫ്.ഐയുമായി ചേർന്ന് മറ്റൊരു സിനിമ ചെയ്യുന്നുണ്ട്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, ബോളിവുഡ് നിർമാതാവ് സാജിദ് നദിയാദ്വാലക്ക് ഡേറ്റ് നൽകിയിരുന്നെങ്കിലും ആ സിനിമയെക്കുറിച്ച് നിലവിൽ മറ്റ് അപ്ഡേറ്റുകളൊന്നും ലഭ്യമല്ല.
46 വർഷങ്ങൾക്കിപ്പുറമാണ് രജനീകാന്തും കമൽഹാസനും ഒരുമിച്ച് സ്ക്രീനിലെത്താൻ ഒരുങ്ങുന്നത്. കരിയറിൻ്റെ ആദ്യ ഘട്ടങ്ങളിൽ ‘അപൂർവ രാഗങ്ങൾ’, ‘മൂണ്ട്രു മുടിച്ച്’, ‘അവർകൾ’, ‘പതിനാറ് വയതിനിലെ’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഇൻ്റർനാഷനൽ മൂവി അവാർഡ്സ് വേദിയിൽ വെച്ച് കമൽഹാസനാണ് ഈ പ്രഖ്യാപനം നടത്തിയത്, പിന്നീട് രജനീകാന്തും ഇത് സ്ഥിരീകരിക്കുകയായിരുന്നു. പതിറ്റാണ്ടുകളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുന്ന ഈ വാർത്ത വലിയ ആവേശത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എങ്കിലും, ഈ ചിത്രം തങ്ങളുടെ പ്രിയ സൂപ്പർസ്റ്റാറിൻ്റെ അവസാന ചിത്രമായിരിക്കും എന്ന റിപ്പോർട്ട് ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Indian cinema in shock: Will Rajinikanth's 'retirement film' be with Kamal? Rumors are strong!



