വൃത്തിയുള്ള തെരുവുകളും, സ്നേഹമുള്ള മനുഷ്യരും, എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന ശാന്തസുന്ദരമായ അന്തരീക്ഷവും കാരണം ആർക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടുപോകുന്ന രാജ്യമാണ് ജപ്പാൻ. ലോകത്തിലെ മറ്റിടങ്ങളിൽ നിന്ന് ജപ്പാനെ വേറിട്ടുനിർത്തുന്ന ചില സവിശേഷ കാരണങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ ശ്രദ്ധേയമാവുകയാണ്. “ജീവിക്കാൻ ഏറ്റവും മികച്ചയിടമാണ് ജപ്പാനെന്നതിൻ്റെ മൂന്ന് കാരണങ്ങൾ” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ വൈറലായത്.
ജപ്പാനിലെ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് അവിടുത്തെ കുട്ടികൾക്കായുള്ള ബാങ്കുകളാണ്. ഓരോ കുട്ടിക്കും അവരുടേതായ ഒരു യഥാർത്ഥ ബാങ്ക് ഇവിടെയുണ്ട്. ഈ ബാങ്കുകളിൽ രക്ഷകർത്താക്കൾക്ക് പ്രവേശനമില്ല. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ സാമ്പത്തികമായ ഉത്തരവാദിത്തം കുട്ടികളെ പഠിപ്പിക്കാനാണ് ഈ രീതി. കുട്ടികൾ ഇവിടെ പണം നിക്ഷേപിക്കുകയും, അവരുടെ സമ്പാദ്യത്തിന് പലിശ ലഭിക്കുകയും ചെയ്യുന്നു. ഈ ശീലം കുട്ടികളെ ചെറുപ്പത്തിൽ തന്നെ സാമ്പത്തിക കാര്യങ്ങളിൽ ബോധവാന്മാരാക്കുന്നു.
ജപ്പാനെ ലോകത്ത് നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം അവിടുത്തെ ഉയർന്ന സുരക്ഷയാണ്. മുതിർന്നവർ കൂടെയില്ലാതെ ഒരു കൊച്ചുകുട്ടിക്ക് പോലും പേടി കൂടാതെ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാവുന്നത്ര സുരക്ഷിതമാണ് ജപ്പാൻ. മറ്റ് പല രാജ്യങ്ങളിലും കുട്ടികളെ ഒറ്റയ്ക്ക് പുറത്തുവിടാൻ മാതാപിതാക്കൾ മടിക്കുമെങ്കിലും, ജപ്പാനിലിത് തികച്ചും സാധാരണ കാഴ്ചയാണ്. മോഷണം എന്നത് ജപ്പാനിൽ അവിശ്വസനീയമാംവിധം കുറവാണ്. നിങ്ങളുടെ പേഴ്സ്, ഫോൺ, അല്ലെങ്കിൽ ബാഗ് എവിടെയെങ്കിലും വെച്ച് മറന്നാലും അത് അവിടെത്തന്നെ ഉണ്ടാകും. അഥവാ നഷ്ടപ്പെട്ടാൽ പോലും, നഷ്ടപ്പെട്ട സാധനങ്ങൾ ശേഖരിക്കുന്ന പ്രത്യേക കടകളിൽ പോയി ആളുകൾക്ക് തങ്ങളുടെ സാധനങ്ങൾ തിരികെ വാങ്ങാൻ സാധിക്കും.
വീഡിയോയിൽ പറയുന്ന മൂന്നാമത്തെ കാരണം ജപ്പാനിലെ മൃഗങ്ങളുടെ പെരുമാറ്റമാണ്. വന്യമൃഗങ്ങൾ പോലും മറ്റുള്ളവരോട് ‘ബഹുമാനം’ പുലർത്തുന്നവയാണത്രേ. ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും, അവിടുത്തെ മൃഗങ്ങൾ അപകടകാരികളല്ലെന്ന് വീഡിയോ പറയുന്നു. ഉദാഹരണത്തിന്, വഴികളിൽ ചുറ്റിത്തിരിയുന്ന മാനിന്റെ അടുത്തുകൂടി നമ്മൾ നടന്നുപോയാൽ അവ തലകുനിച്ച് മാന്യമായി നിൽക്കുമത്രേ. പ്രാദേശിക ആളുകളുടെ നല്ല പെരുമാറ്റ രീതികൾ മൃഗങ്ങളിലും മാറ്റങ്ങൾ വരുത്തിയതാവാം ഇതിന് പിന്നിലെന്നാണ് വിദഗ്ധരുടെ നിഗമനം. ഈ കാരണങ്ങൾ കൊണ്ടുതന്നെ ജപ്പാൻ ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച സ്ഥലമായി കണക്കാക്കപ്പെടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Anyone would be tempted; these are the reasons behind making Japan the best country in the world!



