ന്യൂ ബ്രൺസ്വിക്ക്: തണുപ്പ് കാലം അതിവേഗം അടുക്കുന്നതോടെ, വൈദ്യുതി ബിൽ കുതിച്ചുയരുന്നത് തടയാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ടിപ്പുകളുമായി ന്യൂ ബ്രൺസ്വിക്കിലെ പ്രധാന ഊർജ്ജ ദാതാക്കളായ NB പവർ രംഗത്ത്. ‘എനർജി എഡ്യൂക്കേഷൻ റോഡ്ഷോ 2025’-ന്റെ ഭാഗമായി മൊബൈൽ ഇൻഫർമേഷൻ ട്രെയിലറുമായി ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി ഉപഭോക്താക്കളുമായി സംസാരിച്ചു. നേരിട്ടുള്ള ഈ സംഭാഷണങ്ങളിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചും ബിൽ നിയന്ത്രിക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ ലളിതമായി ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ടെന്ന് NB പവർ കീ അക്കൗണ്ട് സ്പെഷ്യലിസ്റ്റ് ബ്രെന്റ് ലോക്ക്ഹാർട്ട് പറഞ്ഞു. ഉപഭോക്താക്കളെ നേരിൽ കാണുമ്പോൾ അവർക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനും കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ബിൽ കുറയ്ക്കുന്നതിനായി ഉദ്യോഗസ്ഥർ ചില പ്രായോഗിക കാര്യങ്ങൾ ഉപഭോക്താക്കളെ കാണിച്ചു കൊടുത്തു. എയർ ഫിൽട്ടറുകൾ കൃത്യമായി വൃത്തിയാക്കൽ, ജനലുകളിലും വാതിലുകളിലുമുള്ള വിടവുകൾ കോൾക്കിംഗ് (Caulking) വഴി അടയ്ക്കൽ, ഹീറ്റ് പമ്പുകൾ കാര്യക്ഷമമായി ഉപയോഗിക്കൽ എന്നിവ ഇതിൽ പ്രധാനമാണ്. വാർഷിക ഹീറ്റിങ് ബില്ലിൽ 30 ശതമാനം വരെ ലാഭിക്കാൻ ഹീറ്റ് പമ്പുകൾക്ക് സാധിക്കുമെന്ന വിവരം പല ഉപഭോക്താക്കൾക്കും പുതിയ അറിവായിരുന്നു. വീടുകൾക്ക് മികച്ച ഇൻസുലേഷൻ നൽകുന്നതിന്റെ പ്രാധാന്യവും പരിപാടിയിൽ എടുത്തുപറഞ്ഞു. LED ബൾബുകളും കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള ഉപകരണങ്ങളും ഉപയോഗിക്കുന്നത് പോലുള്ള പൊതുവായി അറിയുന്ന കാര്യങ്ങളെക്കുറിച്ചും ചർച്ചയുണ്ടായി.
വീടുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റിന്റെ യഥാർത്ഥ ഊർജ്ജ ഉപഭോഗം ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനും ഉദ്യോഗസ്ഥർ ശ്രമിച്ചു. ഏകദേശം അഞ്ച് അടി നീളമുള്ള ഒരു ബേസ്ബോർഡ് ഹീറ്റർ ഒരു മാസം മുഴുവൻ പ്രവർത്തിച്ചാൽ $164 വരെ ബിൽ വന്നേക്കാം. ഇത് മനസ്സിലാക്കുമ്പോൾ, “ബിൽ ഉയരുന്നതിന് കാരണം എന്താണെന്നും അതിനെക്കുറിച്ച് എന്ത് ചെയ്യാൻ കഴിയുമെന്നും” ആളുകൾ സ്വയം തിരിച്ചറിയാൻ തുടങ്ങുമെന്ന് ലോക്ക്ഹാർട്ട് അഭിപ്രായപ്പെട്ടു. വർധിച്ചു വരുന്ന വൈദ്യുതിച്ചെലവ് ലഘൂകരിക്കുന്നതിനായി NB പവറിൻ്റെ ‘ഈക്വലൈസ്ഡ് ബില്ലിംഗ്’ പോലുള്ള വിവിധ പദ്ധതികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഈ എനർജി എഡ്യൂക്കേഷൻ റോഡ്ഷോയുടെ അടുത്ത സെഷനുകൾ നവംബർ 8-ന് ഫ്രെഡറിക്ടണിലും നവംബർ 15-ന് ബാത്ത്ഹസ്റ്റ് കമ്മ്യൂണിറ്റി മാർക്കറ്റിലും നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Don't be shocked when you see your electricity bill! NB Power is on the verge of saving up to 30% during the winter season



