ഖാര്‍ത്തൂം: ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സായുധ സംഘങ്ങളുടെ കൂട്ടക്കൊലകൾ തുടരുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ പോരാടുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) എന്ന തീവ്ര സായുധ സംഘം കുട്ടികളടക്കം ഏകദേശം 2000 നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊന്ന ശേഷം കുഴിച്ചിട്ടുവെന്നാണ് പുറത്തുവരുന്ന നടുക്കുന്ന വിവരം. ഈ കൂട്ടക്കുരുതിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ലോകരാജ്യങ്ങൾ ഇതുവരെ മൗനം പാലിക്കുകയാണ്. ജീവനുവേണ്ടി പതിനായിരങ്ങളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത്. സുഡാനീസ് സായുധ സേനയും ആർഎസ്എഫും തമ്മിൽ ഒരു വർഷമായി തുടരുന്ന അധികാര തർക്കമാണ് രാജ്യത്തെ ഈ അതിഭീകര സാഹചര്യത്തിലേക്ക് എത്തിച്ചത്.
കഴിഞ്ഞ ഞായറാഴ്ച സുഡാൻ സായുധ സേനയുടെ ശക്തികേന്ദ്രമായിരുന്ന എൽ ഫാഷർ പ്രദേശം പിടിച്ചടക്കിയതിന് പിന്നാലെയാണ് ആർഎസ്എഫ് ക്രൂരമായ കൂട്ടക്കൊലകൾ നടത്തിയത്. പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ ഒരു ആശുപത്രിയിൽ മാത്രം 460-ൽ അധികം രോഗികളെയും കൂടെയുള്ളവരെയും കൊലപ്പെടുത്തിയതായി യുഎൻ ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നഗരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് നിർത്തി പുരുഷന്മാരെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തങ്ങൾക്കെതിരെ നിൽക്കുന്ന ന്യൂനപക്ഷങ്ങളെയും എതിർക്കുന്നവരെയും നിരത്തി നിർത്തി വെടിവെച്ച് കൊല്ലുന്ന ഇരുണ്ട ചരിത്രം ആർഎസ്എഫിനുണ്ടെന്ന് യുഎൻ ചൂണ്ടിക്കാട്ടി.
വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഈ കൊടുംക്രൂരത യുഎൻ സ്ഥിരീകരിച്ചിട്ടും, അന്താരാഷ്ട്ര സമൂഹം പ്രതികരിക്കാൻ തയ്യാറാകാത്തത് കടുത്ത വിമർശനത്തിന് വഴിവെക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sudan shaken by massacre of 2000 people: World nations remain silent



