പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിന് ആദ്യ പ്രദർശനങ്ങൾക്ക് ശേഷം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഹൊറർ-ത്രില്ലർ ഴോണറിൽ തന്റേതായ ഒരിടം കണ്ടെത്തിയ സംവിധായകൻ രാഹുൽ സദാശിവൻ, ഇത്തവണയും പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന അഭിപ്രായം. ഈ സിനിമ മലയാള ഹൊറർ സിനിമകൾക്ക് ഇന്ത്യൻ തലത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുക്കുമെന്നും, രാഹുൽ സദാശിവൻ പേടിയെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിവുള്ള സംവിധായകനാണെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. ഓരോ ചിത്രത്തിലൂടെയും ഹൊറർ ഴോണറിൽ വ്യത്യസ്തമായ അനുഭവം നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നാണ് കമന്റുകൾ.
ചിത്രത്തിലെ പ്രണവ് മോഹൻലാലിന്റെ പ്രകടനമാണ് ആരാധകർക്കിടയിൽ ഏറ്റവുമധികം ചർച്ചാവിഷയമാകുന്നത്. പ്രണവിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ‘ഡീയസ് ഈറേ’യിലേതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതുവരെ കാണാത്ത ഭാവത്തിലും അവതരണത്തിലുമാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. പ്രണവിന്റെ അഭിനയമികവ് ചിത്രത്തിന്റെ ഭീകരതയെ പ്രേക്ഷകരിലേക്ക് പൂർണ്ണമായി എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ ചിത്രത്തിലൂടെ പ്രണവ് തന്റെ നടൻ എന്ന നിലയിലുള്ള സാധ്യതകൾ പൂർണ്ണമായി ഉപയോഗിച്ചു എന്ന് ആരാധകർ ഉറപ്പിച്ചു പറയുന്നു. ചിത്രത്തിന്റെ ആഗോള നിലവാരം കണക്കിലെടുത്ത് 100 കോടി ക്ലബ്ബിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നും പ്രേക്ഷകർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
തിരക്കഥയ്ക്കും സംവിധാനത്തിനും താരങ്ങളുടെ പ്രകടനങ്ങൾക്കും പുറമെ ചിത്രത്തിന്റെ സാങ്കേതിക തികവിനും വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ ഭീകരാന്തരീക്ഷം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മികച്ച സൗണ്ട് ഡിസൈൻ, ക്യാമറ, എഡിറ്റിംഗ് തുടങ്ങിയ എല്ലാ സാങ്കേതിക ഘടകങ്ങളും ചിത്രത്തിന് അനുകൂലമായി നിലകൊണ്ടു. ടീസറും ട്രെയ്‌ലറും പോസ്റ്ററുകളും നൽകിയ പ്രതീക്ഷകളെ പൂർണ്ണമായും കാത്തുസൂക്ഷിക്കാൻ ചിത്രത്തിന് സാധിച്ചു എന്നാണ് വിലയിരുത്തൽ. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.



