ടൊറന്റോ: ഒന്റാരിയോയിലെ പ്രാദേശിക ഭരണകൂടങ്ങൾ സ്ഥാപിച്ച സ്പീഡ് ക്യാമറകൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി ഫോർഡ് സർക്കാർ. ‘ബിൽ 56’ എന്ന് പേരിട്ട ഈ വിവാദ ബിൽ ഒക്ടോബർ 30 വ്യാഴാഴ്ചയാണ് നിയമസഭയിൽ അംഗീകരിച്ചത്. 69-41 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇത്തരം ക്യാമറകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള വെറും ‘പണം തട്ടൽ’ (a cash grab) മാത്രമാണെന്നാണ് പ്രീമിയർ ഡഗ് ഫോർഡ് പറയുന്നത്. എന്നാൽ, റോഡുകളിൽ അപകടങ്ങൾ കുറയ്ക്കാൻ ക്യാമറകൾ അത്യാവശ്യമാണെന്ന് വാദിക്കുന്ന പല സുരക്ഷാ ഗ്രൂപ്പുകളുടെയും അഭിപ്രായങ്ങൾ സർക്കാർ കേട്ടില്ല.
ക്യാമറകൾക്ക് പകരം ഇനി റോഡുകളിൽ സ്പീഡ് ബമ്പുകൾ, റൗണ്ടബൗട്ടുകൾ, നടപ്പാതകൾ എന്നിവ സ്ഥാപിക്കും. ഇതാണ് യഥാർത്ഥത്തിൽ സുരക്ഷ കൂട്ടാനുള്ള വഴിയെന്നും ക്യാമറകൾ അതിന് സഹായിക്കില്ലെന്നും ഡഗ് ഫോർഡ് ഉറപ്പിച്ചു പറയുന്നു. ബിൽ വേഗത്തിൽ പാസാക്കിയതിനെ ചോദ്യം ചെയ്തപ്പോൾ, ആറു മാസം മുമ്പുള്ള തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വ്യക്തമായ ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നും ഫോർഡ് മറുപടി നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് സമയത്ത് ക്യാമറകൾ നിരോധിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നില്ല. സുരക്ഷാ മേഖലകളിൽ ക്യാമറകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുമെന്നാണ് അന്ന് പറഞ്ഞത്.
നിയമം പാസായെങ്കിലും ഇത് ഉടൻ പ്രാബല്യത്തിൽ വരില്ല. അടുത്ത തിങ്കളാഴ്ച ‘റോയൽ അസെന്റ്’ ലഭിച്ചാൽ മാത്രമേ ഇത് പൂർണ്ണമായും നിയമമാവുകയുള്ളൂ. നിയമം പ്രാബല്യത്തിൽ വരുന്നത് നവംബർ 14-നാണ്. അതുവരെ, ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ വലിയ ബോർഡുകൾ വെക്കുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സർക്കാർയ അറിയിച്ചു. എന്നാൽ, പുതിയ സ്പീഡ് ബമ്പുകളോ റൗണ്ടബൗട്ടുകളോ ഈ തീയതിക്ക് മുമ്പ് റോഡിൽ വരുമോ എന്ന് ചോദിച്ചാൽ, ഇല്ല! ക്യാമറകൾ ഇപ്പോൾ തന്നെ കാര്യക്ഷമമല്ലെന്നും, ടിക്കറ്റ് കിട്ടുന്നത് മൂന്നാഴ്ച കഴിഞ്ഞാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, നവംബർ 14 വരെ നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ടിക്കറ്റുകൾക്കും പിഴ നൽകേണ്ടി വരും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Camera 'money-making ploy': Ford government bans municipal speed cameras



