ബംഗളൂരു: ഇന്ത്യയിലെ പൊതു വിഷയങ്ങളിൽ നിരന്തരമായി ശ്രദ്ധാലുവാകുന്ന കനേഡിയൻ ഇൻഫ്ലുവൻസറായ കേലബ് ഫ്രീസൻ, നഗരത്തിലെ ശോചനീയമായ ഒരു നടപ്പാതയുടെ ദുരിതം വീണ്ടും പുറത്തുകൊണ്ടുവന്നു. ഇദ്ദേഹം എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ പോസ്റ്റ് വീണ്ടും വഴിയൊരുക്കി.
കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഫ്രീസൻ, കേടുപാടുകൾ സംഭവിച്ചതും തടസ്സങ്ങളാൽ നിറഞ്ഞതുമായ ഒരു നടപ്പാതയിലൂടെ നടക്കുന്നതിന്റെ ബുദ്ധിമുട്ടാണ് വീഡിയോയിൽ കാണിക്കുന്നത്. മാലിന്യം, വാഹനങ്ങൾ തടസ്സമുണ്ടാക്കി പാർക്ക് ചെയ്തിരിക്കുന്നത്, അനധികൃത കയ്യേറ്റങ്ങൾ എന്നിവ കാരണം കാൽനടക്കാർക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു റെസ്റ്റോറന്റിന് സമീപമെത്തിയപ്പോൾ നടപ്പാതയുടെ അവസ്ഥ മോശമായതിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
“ഒരു വശത്ത് ഉന്തുവണ്ടി, ഇടതുവശത്ത് ഓട്ടോറിക്ഷ, വലതുവശത്ത് നടപ്പാതയിലേക്ക് കയറ്റിവെച്ച കാർ, എല്ലായിടത്തും മാലിന്യക്കൂമ്പാരം,” ഫ്രീസൻ പറയുന്നു.
നിരവധി താത്കാലിക കടകളും ഷെഡുകളും നടപ്പാതയുടെ പല ഭാഗങ്ങളും കൈയടക്കിയിരിക്കുന്നതായും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. വഴിയടച്ച മാലിന്യങ്ങൾ കാരണം നടപ്പാത പൂർണമായും ഒഴിവാക്കി റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വന്നതായും വീഡിയോയിൽ കാണാം.
മരത്തടിയും പുറത്തുകാണുന്ന വാട്ടർ പൈപ്പുകളും ഉൾപ്പെടെയുള്ള തടസ്സങ്ങൾ ബംഗളൂരു നഗരത്തിലെ കാൽനടയാത്രക്കാർ നേരിടുന്ന വെല്ലുവിളികൾക്ക് അടിവരയിടുന്നു. മാലിന്യം തള്ളുന്നത്, പോസ്റ്ററുകൾ ഒട്ടിക്കുന്നത്, പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനം, മേൽപ്പാലങ്ങൾക്ക് സമീപത്തെ കാടുപിടിച്ച പുല്ലുകൾ എന്നിങ്ങനെ നടപ്പാതയുടെ വിവിധ ദുരുപയോഗങ്ങളും അദ്ദേഹം അടിക്കുറിപ്പിൽ പറയുന്നുണ്ട്.
ഫ്രീസന്റെ പോസ്റ്റിന് വൻ പ്രതികരണമാണ് ലഭിച്ചത്. പൗരപ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനുള്ള അദ്ദേഹത്തിന്റെ സ്ഥിരമായ ശ്രമങ്ങളെ പലരും പ്രശംസിച്ചപ്പോൾ, ആവർത്തിച്ചുള്ള പരാതികൾക്കിടയിലും മാറ്റങ്ങളുണ്ടാകാത്തതിലുള്ള നിരാശ പലരും പങ്കുവെച്ചു. ദിവസവും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി താമസക്കാർ രംഗത്തെത്തി. ടെക് തലസ്ഥാനമായ ബംഗളൂരുവിൽ കാൽനടയാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇത്രയും മോശമായി തുടരുന്നത് എന്തുകൊണ്ടാണെന്നും പലരും ചോദ്യം ചെയ്തു.
ഇത് ആദ്യമായല്ല കേലബ് ഫ്രീസന്റെ ഇടപെടലുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. മുൻപ് അദ്ദേഹം മെജസ്റ്റിക് പ്രദേശത്തിന് സമീപമുള്ള നടപ്പാതകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) ആ ഭാഗങ്ങളിൽ ശുചീകരണ-അറ്റകുറ്റപ്പണി ഡ്രൈവ് നടത്തിയിരുന്നു. വിദേശിയനായ ഒരു ഇൻഫ്ലുവൻസറുടെ ഇടപെടൽ മാത്രമാണ് നഗരസഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
Why Are Bengaluru’s Bad Sidewalks Going Viral After a Canadian Influencer’s Video
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



