ഒട്ടാവ: ഏത് രക്തഗ്രൂപ്പിലുള്ള വൃക്കയും ഏത് മനുഷ്യശരീരത്തിലും പ്രവർത്തിപ്പിക്കാൻ വഴിയൊരുക്കുന്ന നിർണായകമായ ഗവേഷണത്തിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ വിജയം നേടി. അവയവമാറ്റ ശസ്ത്രക്രിയാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഈ പരീക്ഷണത്തിൽ, ഏത് രക്തഗ്രൂപ്പിലുള്ളവർക്കും സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ മനുഷ്യവൃക്കയെ പരിവർത്തനം ചെയ്യാനാണ് ഗവേഷകർക്ക് സാധിച്ചത്.
രസതന്ത്രജ്ഞനായ ഡോ. സ്റ്റീഫൻ വിതേഴ്സും മലയാളിയായ ഡോ. ജയചന്ദ്രൻ കിഴക്കേടത്തും 2019-ൽ വികസിപ്പിച്ചെടുത്ത എൻസൈമുകളാണ് ഈ പരീക്ഷണത്തിൽ നിർണ്ണായകമായത്. ‘എ’ രക്തഗ്രൂപ്പുള്ള ഒരു മരണപ്പെട്ട വ്യക്തിയുടെ വൃക്കയെ യൂണിവേഴ്സൽ രക്തഗ്രൂപ്പായ ‘ഒ’ (O) ആക്കി മാറ്റുന്നതിൽ ഗവേഷകർ വിജയിച്ചു. ബ്രയിൻ ഡെത്ത് സംഭവിച്ച വ്യക്തിയുടെ ശരീരത്തിൽ കുടുംബത്തിന്റെ സമ്മതത്തോടെ ഈ പരിവർത്തനം ചെയ്ത വൃക്ക മാറ്റി വെച്ചു. ശരീരം വൃക്കയെ നിരസിച്ചില്ലെന്നു മാത്രമല്ല, ദിവസങ്ങളോളം മികച്ച രീതിയിൽ വൃക്ക പ്രവർത്തിക്കുകയും ചെയ്തു.
ഡോ. സ്റ്റീഫനും ഡോ. ജയചന്ദ്രനും വികസിപ്പിച്ച എൻസൈമുകൾ തന്മാത്രാ കത്രിക പോലെ പ്രവർത്തിച്ച്, രക്തഗ്രൂപ്പിനെ ‘എ’ ആക്കി മാറ്റുന്ന പഞ്ചസാര തന്മാത്രകളെ നീക്കം ചെയ്യുന്നു. ഇതോടെ ദാതാവിന്റെ വൃക്ക ഏത് രക്തഗ്രൂപ്പുമായി യോജിക്കുംവിധം മാറും.
വൃക്ക മാറ്റിവെക്കലിലെ ഏറ്റവും വലിയ വെല്ലുവിളിയായ, ഒരേ രക്തഗ്രൂപ്പിലുള്ള ദാതാവിനെ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ ഈ കണ്ടെത്തൽ സഹായിക്കും. ദാതാവിന്റെ വൃക്ക ‘ഒ’ ഗ്രൂപ്പിലേക്ക് മാറ്റാൻ കഴിയുന്നത് അവയവ ദാതാക്കളുടെ ലഭ്യത വർദ്ധിപ്പിക്കുകയും നിരവധി ജീവൻ രക്ഷിക്കാൻ കാരണമാവുകയും ചെയ്യും. ഈ ഗവേഷണഫലം ‘നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ്’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canadian researchers make kidney 'universal': Malayali's discovery is crucial



