ഒട്ടാവ: കാനഡയിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോളിവ്രെ ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പങ്കുവെച്ച ആശംസാ സന്ദേശം സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തിരികൊളുത്തി. ‘പ്രകാശം, സ്വാതന്ത്ര്യം, പ്രതീക്ഷ’ എന്നിവയെക്കുറിച്ച് സംസാരിച്ച പോളിവ്രെ, ഖലിസ്ഥാൻ വിഘടനവാദികൾക്ക് പിന്തുണ നൽകാൻ ശ്രമിക്കുന്നുവെന്നാണ് വിമർശകരുടെ ആരോപണം.
സിഖുകാർ, ഹിന്ദുക്കൾ, ജൈനർ, ബുദ്ധമതക്കാർ എന്നിവർ കാനഡയിൽ ബന്ദി ഛോർ ദിവാസ്, ദീപാവലി എന്നീ ആഘോഷങ്ങൾ ആഘോഷിക്കുന്നു. ‘പ്രകാശം, സ്വാതന്ത്ര്യം, പ്രതീക്ഷ’ എന്നിവയുടെ ഈ ആഘോഷം എല്ലാവർക്കും സമാധാനവും നീതിയും സമൃദ്ധിയും നൽകട്ടെ,” എന്നായിരുന്നു പോളിവ്രെയുടെ പോസ്റ്റ്. ബന്ദി ഛോർ ദിവാസിനെയും ദീപാവലിയെയും ഒരുമിച്ച് പരാമർശിച്ചതാണ് വിവാദങ്ങൾക്ക് കാരണം. പോളിവ്രെയുടെ ഈ പ്രയോഗം മതപരമായ അതിർവരമ്പുകൾ മായ്ച്ചുകളയുന്നെന്നും, സിഖ് വിഘടനവാദികളുടെ (ഖലിസ്ഥാൻ) നിലപാടുകൾക്ക് ഇത് സമാനമാണെന്നും വിമർശകർ ആരോപിക്കുന്നു.
ഖലിസ്ഥാൻ ബന്ധം:
കനേഡിയൻ മാധ്യമപ്രവർത്തകനായ ഡാനിയേൽ ബോർഡ്മാൻ ആയിരുന്നു വിമർശകരിൽ മുന്നിൽ. ‘ബന്ദി ഛോർ ദിവാസ്’ എന്നത് ഫെബ്രുവരിയിലെ ഒരു സിഖ് ദിനം മാത്രമാണെന്നും, ഈ ദിനം പരാമർശിക്കുന്ന രാഷ്ട്രീയക്കാർക്ക് ഒന്നുകിൽ ഖലിസ്ഥാൻകാർ ഉപദേശം നൽകുന്നു അല്ലെങ്കിൽ ‘അനധികൃത ലഹരിപ്പണം’ പാർട്ടി ഫണ്ടിനായി കൈപ്പറ്റുന്നു എന്നും അദ്ദേഹം ആരോപിച്ചു. പോളിവ്രെയുടെ അനുയായികൾ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞെങ്കിലും, ഈ വിവാദം കനേഡിയൻ രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങളുണ്ടാക്കിയിരിക്കുകയാണ്.
മുൻ വർഷത്തെ വിവാദ പശ്ചാത്തലം:
കഴിഞ്ഞ വർഷം, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് പോളിവ്രെ ഒരു ദീപാവലി പരിപാടിയിൽ പങ്കെടുക്കുന്നത് റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ഹിന്ദു-കനേഡിയൻ സമൂഹം അദ്ദേഹത്തിനെതിരെ വിമർശനമുയർത്തുകയും ഹിന്ദുക്കളെ ഒഴിവാക്കുന്നതായി ആരോപിക്കുകയും ചെയ്തിരുന്നു.
പോളിവ്രെയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഇരു ചേരികളായി തിരിച്ചു. ഉൾക്കൊള്ളൽ എന്ന പേരിൽ ഖലിസ്ഥാൻ വിഘടനവാദത്തെ വെള്ളപൂശാൻ ശ്രമിക്കുകയാണ് പോളിവ്രെ എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
അതേ സമയം, പ്രധാനമന്ത്രി കാർണി തന്റെ ബന്ദി ഛോർ ദിവാസ് സന്ദേശം സിഖ് സമൂഹത്തിനായി മാത്രം പ്രത്യേകം പങ്കുവെക്കുകയും ദീപാവലിക്ക് വേറെ ആശംസകൾ നേരുകയും ചെയ്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Pierre Poilievre’s Diwali wish lights up controversy over Khalistani pandering



