ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ വിസ്മയിപ്പിച്ച എസ്.എസ്. രാജമൗലിയുടെ ഇതിഹാസ ചലച്ചിത്ര പരമ്പരയായ ‘ബാഹുബലി’, ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ‘ബാഹുബലി ദി എപ്പിക്ക്’ എന്ന പേരിലാണ് 2015-ൽ റിലീസായ ‘ബാഹുബലി – ദി ബിഗിനിങ്’, 2017-ൽ പുറത്തിറങ്ങിയ ‘ബാഹുബലി 2 – ദി കൺക്ലൂഷൻ’ എന്നീ രണ്ട് ഭാഗങ്ങളെയും സംയോജിപ്പിച്ച് ഒക്ടോബർ 31-ന് പുനരവതരിപ്പിക്കുന്നത്. ആദ്യ ഭാഗം റിലീസായി പത്ത് വർഷം തികയുന്ന ഈ വേളയിൽ, സിനിമയുടെ ആരാധകർക്ക് വലിയ സ്‌ക്രീനിൽ ഈ ദൃശ്യാനുഭവം വീണ്ടും ആസ്വദിക്കാൻ ഒരവസരം ഒരുങ്ങുകയാണ്. കേരളത്തിൽ സെഞ്ചുറി കൊച്ചുമോന്റെ നേതൃത്വത്തിലുള്ള പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
മൂന്ന് മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ഈ സംയോജിത ചിത്രം, ഒരു അസാധാരണ ദൃശ്യാനുഭവമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നൂറിലധികം തിയേറ്ററുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലുമായിരിക്കും റീ-റിലീസ് ചെയ്യുക. റിലീസ് സമയത്ത്, ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ആദ്യ ഭാഗം ₹650 കോടിയും രണ്ടാം ഭാഗം ₹562 കോടിയുമാണ് ബോക്സ്ഓഫീസിൽ നിന്ന് നേടി ചരിത്രം സൃഷ്ടിച്ചത്. റീ-റിലീസിലും ചിത്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കണക്കുകൂട്ടുന്നത്. ഇത് ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പുതിയ ബോക്സ്ഓഫീസ് ചരിത്രമായി മാറും.
എസ്.എസ്. രാജമൗലിയുടെ പിതാവായ വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിൻ്റെ കഥ എഴുതിയത്. എം.എം. കീരവാണിയുടെ സംഗീതം ചിത്രത്തിലെ ഗാനങ്ങളെയും പശ്ചാത്തല സംഗീതത്തെയും ഇന്നും ഹിറ്റാക്കി നിലനിർത്തുന്നു. സിനിമയുടെ മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് കൈകാര്യം ചെയ്യുന്നത് അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ് എന്നിവരാണ്. സാങ്കേതിക മികവിൻ്റെയും ഗംഭീരമായ ആഖ്യാനത്തിൻ്റെയും പശ്ചാത്തലത്തിൽ, ‘ബാഹുബലി ദി എപ്പിക്ക്’ എന്ന ഈ റീ-റിലീസ് സിനിമാ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി മാറുമെന്നും, പഴയതിനേക്കാൾ വലിയ വിജയമാകും ചിത്രത്തിന് ലഭിക്കുകയെന്നുമാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.



