വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘ലിയോ’ തിയേറ്ററുകളിലെത്തി രണ്ടാം വർഷം പൂർത്തിയാകുന്ന വേളയിൽ അണിയറപ്രവർത്തകർ പുറത്തുവിട്ട മേക്കിങ് വീഡിയോ ചലച്ചിത്ര ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ‘മാസ്റ്ററി’ന്റെ വിജയത്തിനു ശേഷം വിജയ്യും ലോകേഷും വീണ്ടും ഒന്നിച്ച ഈ ആക്ഷൻ ചിത്രം വലിയ ഹൈപ്പിലാണ് റിലീസ് ചെയ്തതും വമ്പൻ വിജയം നേടിയതും. സിനിമയുടെ അണിയറ രഹസ്യങ്ങൾ കോർത്തിണക്കിയ മേക്കിങ് വീഡിയോയുടെ അവസാനം ഒരു ടീസറും ഉൾപ്പെടുത്തിയിട്ടുണ്ട്. സെറ്റിലെ വിജയ്യുടെയും മറ്റ് താരങ്ങളുടെയും സന്തോഷകരമായ നിമിഷങ്ങളും വീഡിയോയിൽ കാണാം.
ഈ മേക്കിങ് വീഡിയോയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു നിർണ്ണായക ഫ്രെയിമാണ്. ഒരു ലോറിയുടെ മുകളിൽ ‘റോളെക്സ്’ എന്ന് എഴുതിയിരിക്കുന്നതും ഒപ്പം നടൻ സൂര്യയുടെ ചിത്രവും ഈ ഷോട്ടിൽ കാണിക്കുന്നുണ്ട്. ലോകേഷ് കനകരാജ് യൂണിവേഴ്സിലെ (LCU) പ്രധാന കഥാപാത്രമാണ് സൂര്യ അവതരിപ്പിച്ച ‘റോളെക്സ്’. ഈ സൂചനയോടെ, ‘ലിയോ’യും ‘റോളെക്സും’ ഒരു സിനിമയിൽ ഒന്നിക്കുന്നതിനുള്ള സാധ്യതയാണ് ആരാധകർക്കിടയിൽ സജീവ ചർച്ചയാകുന്നത്. സംവിധായകൻ നൽകിയ ഒരു വലിയ സർപ്രൈസായി ഇതിനെ സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു.
സിനിമയുടെ കളക്ഷൻ സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് മറ്റൊരു പ്രധാന ചർച്ചാവിഷയം. ചിത്രം 600 കോടിയിലധികം രൂപ നേടിയെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, മൊത്തം വരുമാനം സംബന്ധിച്ച് നിർമ്മാതാക്കൾ സമർപ്പിച്ച രേഖകളിൽ പറയുന്നത് 404 കോടിയാണ്. തിയേറ്ററുകളിൽ നിന്ന് മാത്രം 240 കോടിയാണ് ലഭിച്ചതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കളക്ഷൻ കണക്കുകളിലെ ഈ വ്യത്യാസം സോഷ്യൽ മീഡിയയിൽ ആശയക്കുഴപ്പങ്ങൾക്കും പുതിയ ചർച്ചകൾക്കും വഴി തുറന്നിരിക്കുകയാണ്. കൂടാതെ, ചിത്രമിറങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും ഒ.എസ്.ടി (ഒറിജിനൽ സൗണ്ട് ട്രാക്ക്) പുറത്തിറക്കാത്തതിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനോടുള്ള നിരാശയും ആരാധകർ രേഖപ്പെടുത്തുന്നുണ്ട്.



