ഒട്ടാവ : ഒട്ടാവ നടപ്പാക്കിയ ‘three-item’ മാലിന്യ പരിധി നിയമം വൻ വിജയം. പുതിയ നിയമം വന്നപ്പോൾ മാലിന്യം തള്ളുന്നത് ഗണ്യമായി കുറഞ്ഞു എന്നാണ് കണക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഒരു വർഷം കൊണ്ട് നഗരത്തിലെ മാലിന്യത്തിന്റെ അളവിൽ 22,800 ടൺ കുറവുണ്ടായി. എന്നാൽ, നിയമം തെറ്റിച്ച ആയിരക്കണക്കിന് ആളുകളുടെ മാലിന്യ കെട്ടുകൾ ‘ടാഗ്’ അടിച്ച് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുണ്ട് എന്ന വിവരവും പുറത്തുവരുന്നു.
2024 സെപ്റ്റംബർ 30 മുതലാണ് ഒട്ടാവയിൽ ഈ കർശന നിയമം പ്രാബല്യത്തിൽ വന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ പരമാവധി മൂന്ന് ഇനം മാലിന്യം മാത്രമേ ഇവിടെയുള്ള താമസക്കാർക്ക് തങ്ങളുടെ വീടിന് പുറത്തുവയ്ക്കാൻ അനുമതിയുള്ളൂ. അതിൽ കൂടുതലുണ്ടെങ്കിൽ പ്രത്യേക മഞ്ഞ ബാഗുകൾ ഉപയോഗിക്കണം. ഇത് ഏകദേശം 3.1 ലക്ഷം വീടുകൾക്ക് ബാധകമാണ്. കൂടാതെ, ഒരു മാലിന്യകൂമ്പാരത്തിന് 140 ലിറ്റർ ശേഷി മാത്രമേ പാടുള്ളൂ എന്നും തുറന്നടയ്ക്കാവുന്ന ബിന്നുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും നിയമം വ്യക്തമാക്കുന്നു. ഈ നിയമം ജനങ്ങൾ പൊതുവെ അംഗീകരിച്ചെന്നും, ആദ്യ വർഷം വിജയകരമായിരുന്നുവെന്നും നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക മാറ്റങ്ങൾ കാരണം ആളുകളുടെ ഉപയോഗശൈലി മാറിയതും മാലിന്യം കുറയാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
എങ്കിലും, നിയമം ലംഘിച്ചവർക്ക് മുന്നറിയിപ്പായി നഗരസഭ കോർട്ടേസി ടാഗ് നൽകിയിട്ടുണ്ട്. മൂന്ന് ഐറ്റത്തിൽ കൂടുതൽ മാലിന്യം വെക്കുകയും മഞ്ഞ ബാഗ് ഉപയോഗിക്കാതിരിക്കുകയും ചെയ്ത ആയിരക്കണക്കിന് മാലിന്യ കെട്ടുകളിൽ ഈ ടാഗുകൾ പതിപ്പിച്ച് റോഡരികിൽ ഉപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 67,500-ൽ അധികം ടാഗുകളാണ് ഇങ്ങനെ നൽകിയത്. വസന്തകാലത്തെ ക്ലീനിംഗും, വിദ്യാർത്ഥികളുടെ താമസം മാറ്റുന്ന സീസണുകളിലുമാണ് ടാഗുകളുടെ എണ്ണം കൂടിയതെങ്കിലും, ഇപ്പോൾ നിയമം പാലിക്കുന്നവരുടെ എണ്ണം കൂടുന്നത് സന്തോഷകരമായ പ്രവണതയാണെന്ന് അധികൃതർ പറയുന്നു.
മാലിന്യത്തിന്റെ അളവിൽ വലിയ കുറവ് വന്നത് നഗരത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ ‘മാലിന്യ വിപ്ലവം’ അടുത്ത വർഷം കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുറഞ്ഞ സമയത്തിനുള്ളിൽ മാലിന്യം കുറച്ചതിലൂടെ, ഓട്ടവ മറ്റു നഗരങ്ങൾക്ക് ഒരു മാതൃകയാവുകയാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Waste revolution in Ottawa, new law a super hit; breaking the law will get you this tag!



