കാനഡയുടെ സമ്പദ്‌വ്യവസ്ഥ 2025 സെപ്റ്റംബറിൽ 60,000 പുതിയ തൊഴിലുകൾ സൃഷ്ടിച്ച് വിപണിയുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് കുതിച്ചു. തീരുവകളെ ഭയന്ന് ആശങ്കയിലായിരുന്ന നിർമ്മാണ മേഖലയാണ് ഈ നേട്ടത്തിന് പ്രധാനമായും നേതൃത്വം നൽകിയതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധർ ഈ മാസം ചെറിയൊരു തൊഴിൽ വർദ്ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. നിർമ്മാണ മേഖലയിൽ മാത്രം 28,000 പുതിയ തൊഴിലുകളാണ് വർദ്ധിച്ചത്. ഈ വർഷം ജനുവരിക്ക് ശേഷം ആദ്യമായാണ് ഈ രംഗത്ത് തൊഴിൽ വർദ്ധനവുണ്ടാകുന്നത്. യു.എസ്. വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് തൊഴിലാളികളെ നഷ്ടമായ ശേഷമാണ് ഈ മേഖലയുടെ തിരിച്ചുവരവ്.
ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ നഷ്ടമായ 58,000 നിർമ്മാണ തൊഴിലുകളിൽ വലിയൊരു ഭാഗം സെപ്റ്റംബറിലെ ഈ വർദ്ധനവിലൂടെ നികത്താൻ സാധിച്ചു. ‘വ്യാപാര-ഭീഷണി നേരിടുന്ന വ്യവസായങ്ങൾ പൂർണ്ണമായും അപകടത്തിൽ നിന്ന് പുറത്തായിട്ടില്ലെങ്കിലും, ഈ മാസത്തെ ശക്തമായ വളർച്ച സമീപഭാവിയിൽ കാര്യങ്ങൾ നിലനിർത്താൻ സഹായിക്കുമെ’ന്ന് ഇൻഡീഡിലെ സീനിയർ ഇക്കണോമിസ്റ്റ് ബ്രെൻഡൻ ബർണാഡ് അഭിപ്രായപ്പെട്ടു.
പുതിയ തൊഴിലവസരങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഒന്റാരിയോയിലും ആൽബർട്ടയിലുമാണ്. മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തൊഴിൽ നേടിയത് ആൽബർട്ടയാണ്. വേനൽക്കാലത്തെ തൊഴിൽ ഇടിവിന് ശേഷം ആൽബർട്ട 43,000 തൊഴിലുകൾ കൂട്ടിച്ചേർത്തു. ന്യൂ ബ്രൺസ്‌വിക്കിൽ 4,700 ഉം, മാനിറ്റോബയിൽ 3,900 ഉം തൊഴിലുകൾ വർദ്ധിച്ചു. ക്യൂബെക്കിലും ഒന്റാരിയോയിലും തൊഴിൽ നിരക്കിൽ കാര്യമായ മാറ്റമുണ്ടായില്ല.ആരോഗ്യ സംരക്ഷണം, സാമൂഹിക സഹായം (Health care and social assistance – 14,000), കൃഷി (Agriculture – 13,000) എന്നീ മേഖലകളിലും കാര്യമായ വളർച്ച രേഖപ്പെടുത്തി. എന്നാൽ, മൊത്തവ്യാപാര-ചില്ലറ വിൽപ്പന മേഖലയിൽ 21,000 തൊഴിലുകൾ കുറഞ്ഞത് ഈ നേട്ടങ്ങൾക്ക് ഭാഗികമായി മങ്ങലേൽപ്പിച്ചു.
ഇതിനിടെ, മൊത്തം 1,06,000 മുഴുവൻ സമയ ജോലികൾ വർദ്ധിച്ചപ്പോൾ, 46,000 ഭാഗിക സമയ ജോലികൾ കുറയുകയും ചെയ്തു. കൂടുതൽ ആളുകൾ തൊഴിൽ ശക്തിയുടെ ഭാഗമായതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റിലെ അതേ നിലയിൽ തന്നെ അതായത് 7.1 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു. അതേസമയം, തൊഴിലാളികളുടെ ശരാശരി മണിക്കൂർ വേതനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.3 ശതമാനം വർദ്ധിച്ച് 36.78 ഡോളറിലെത്തി.
ഈ ശക്തമായ തൊഴിൽ കണക്കുകൾ ബാങ്ക് ഓഫ് കാനഡയ്ക്ക് നിർണ്ണായകമാണ്. വേനൽക്കാലത്തെ മന്ദഗതിയിലായിരുന്ന തൊഴിൽ വിപണിയായിരുന്നു സെപ്റ്റംബറിലെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന കാരണം. “ആ കാരണം ഇനി മുൻഗണനയിൽ ഇല്ല. അതിനാൽ, പണപ്പെരുപ്പം കാര്യമായി കുറഞ്ഞില്ലെങ്കിൽ, ഒക്ടോബറിലെ മീറ്റിംഗിൽ പലിശ നിരക്കിൽ മാറ്റം വരുത്താതെ വിരാമം വരുത്താൻ ഈ ശക്തമായ കണക്കുകൾ ബാങ്കിനെ പ്രേരിപ്പിച്ചേക്കാം,” ബി.എം.ഒ. ചീഫ് ഇക്കണോമിസ്റ്റ് ഡഗ്ലസ് പോർട്ടർ അഭിപ്രായപ്പെട്ടു. അടുത്ത പണപ്പെരുപ്പ റിപ്പോർട്ട് ഒക്ടോബർ 21-നും ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് യോഗം ഒക്ടോബർ 29-നുമാണ് നടക്കുക.



