ടൊറന്റോ: നിലച്ചുപോയ ഹൃദയം ഉപയോഗിച്ച് വിജയകരമായി അവയവമാറ്റ ശസ്ത്രക്രിയ നടത്തി കാനഡയിലെ ടൊറന്റോ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. യൂണിവേഴ്സിറ്റി ഹെൽത്ത് നെറ്റ്വർക്ക് (UHN) പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സാധാരണയായി, തലച്ചോറിന്റെ പ്രവർത്തനം നിലച്ച (ബ്രെയിൻ ഡെഡ്) വ്യക്തികളിൽ നിന്ന് മാത്രമാണ് മിടിപ്പുള്ള ഹൃദയം എടുക്കാറ്. എന്നാൽ ഈ ശസ്ത്രക്രിയയിൽ, മിടിപ്പ് നിലച്ച് മരണം സംഭവിച്ചതിന് ശേഷം ദാതാവിൽ നിന്നും ഹൃദയം എടുത്ത് മാറ്റിവെക്കുന്ന പുതിയ രീതിയാണ് ഉപയോഗിച്ചത്. ഈ രീതിയെയാണ് ‘സർക്കുലേഷൻ ക്രൈറ്റീരിയ വഴിയുള്ള ദാനം’ (DCC – Donation after death by circulatory criteria) എന്ന് പറയുന്നത്.
ഈ പുതിയ ഡിസിസി (DCC) രീതിയിൽ, ഹൃദയം നിലച്ച് മരണം സംഭവിച്ചെന്ന് ഉറപ്പിച്ച ശേഷം ദാതാവിൽ നിന്ന് ഹൃദയം എടുക്കും. അതിനുശേഷം, അത്യാധുനിക യന്ത്രങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ഈ ഹൃദയത്തെ മാറ്റി വെക്കൽ ശസ്ത്രക്രിയക്കായി സജ്ജമാക്കും. ചുരുങ്ങിയ സമയം ഓക്സിജൻ ലഭിക്കാതെയിരുന്ന ഹൃദയങ്ങൾ പോലും വിജയകരമായി മാറ്റിവെക്കാൻ ഈ സാങ്കേതിക മുന്നേറ്റം സഹായിക്കുമെന്ന് യു.എച്ച്.എൻ വ്യക്തമാക്കി. നൽകുന്ന ആളുടെ കുടുംബത്തിന്റെയോ അല്ലെങ്കിൽ രോഗിയുടെയോ താൽപ്പര്യപ്രകാരം ലൈഫ് സപ്പോർട്ട് നീക്കം ചെയ്ത ശേഷം മരണം സ്ഥിരീകരിക്കുമ്പോൾ ഹൃദയം ശേഖരിക്കുന്നതാണ് ഡിസിസി പ്രക്രിയ. ന്യൂറോളജിക്കൽ റിക്കവറിക്ക് സാധ്യതയില്ലാത്ത രോഗികളെയാണ് ഇതിനായി പരിഗണിക്കുന്നത്.
ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടൊറന്റോയിലെ രോഗി സുഖം പ്രാപിച്ചു വരുന്നു എന്ന് ശസ്ത്രക്രിയാ സംഘത്തിലെ കാർഡിയാക് സർജനായ ഡോ. സയ്യിദ് അലിറേസ റാബി അറിയിച്ചു. ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ‘അഡ്വാൻസ്ഡ് ഹാർട്ട് ഫെയിലിയർ’ പോലുള്ള രോഗങ്ങൾക്കുള്ള ഏക പ്രതിവിധി. ജീവൻ രക്ഷിക്കാൻ അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ഒട്ടേറെ രോഗികൾക്ക് ഈ പുതിയ രീതി ഒരു വലിയ പ്രതീക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിലെ കണക്കുകൾ പ്രകാരം 2024 അവസാനത്തോടെ 155 മുതിർന്നവരും 29 കുട്ടികളും ഹൃദയം മാറ്റിവെക്കലിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.
ഡിസിസി പ്രക്രിയ വഴി ഹൃദയം നൽകുന്നവരുടെ എണ്ണം 30 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് യു.എച്ച്.എൻ കുറിപ്പിൽ പറയുന്നു. ഈ സാങ്കേതികവിദ്യ പുതിയതല്ലെന്നും ഓസ്ട്രേലിയയിൽ 2014 മുതലും, യു.കെയിൽ 2015 മുതലും, യു.എസിൽ 2019 മുതലും ഈ പ്രക്രിയ വിജയകരമായി ചെയ്യുന്നുണ്ടെന്നും ഡോ. റാബി വ്യക്തമാക്കി.
ഈ പ്രക്രിയയിൽ രണ്ട് പ്രധാന സമയഘട്ടങ്ങളുണ്ട്. ദാതാവ് മരിച്ചയുടൻ, മിടിപ്പ് നിലച്ച ഹൃദയം വേഗത്തിൽ പുറത്തെടുക്കുന്ന സമയവും, തുടർന്ന് ഹൃദയത്തെ കേടുകൂടാതെ തണുത്ത ലായനിയിൽ സൂക്ഷിച്ച് സ്വീകർത്താവിൻ്റെ അടുത്തേക്ക് കൊണ്ടുപോകുന്ന സമയവുമാണത്. മാറ്റിവെക്കുന്ന ഹൃദയം കേടാകാതിരിക്കാനും, അത് ദാതാവിൽ നിന്ന് വേഗത്തിൽ രോഗിയിൽ എത്തിക്കാനും ഡോക്ടർമാരും ആശുപത്രികളും വളരെയധികം ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ആരോഗ്യരംഗത്തെ ഒരു ‘വലിയ മുന്നേറ്റം’ എന്നാണ് യു.എച്ച്.എൻ സർജൻ ഇൻ ചീഫ് ഡോ. തോമസ് ഫോർബ്സ് ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Toronto hospital makes history in Canada by reviving a heart that had stopped beating



