മാനിറ്റോബ: മാനിറ്റോബ മുൻ പ്രീമിയർ ഹെതർ സ്റ്റെഫാൻസൺ ഉൾപ്പെടെ മൂന്ന് പ്രമുഖർക്ക് പ്രവിശ്യയിലെ ‘കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ്’ നിയമം ലംഘിച്ചതിന് വലിയ തുക പിഴ ചുമത്തി. മുൻ ഡെപ്യൂട്ടി പ്രീമിയർ ക്ലിഫ് കല്ലൻ, മുൻ കാബിനറ്റ് മന്ത്രി ജെഫ് വാർട്ടൺ എന്നിവർക്കാണ് പിഴ ചുമത്തിയത്. 2023-ലെ തെരഞ്ഞെടുപ്പിൽ പ്രോഗ്രസ്സീവ് കൺസർവേറ്റീവുകൾക്ക് (PC) അധികാരം നഷ്ടപ്പെട്ടതിന് ശേഷം, പുതിയ എൻഡിപി സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പുള്ള ഇടക്കാലത്ത് ഒരു സിലിക്ക ഖനന പദ്ധതിക്ക് അനുമതി നൽകാൻ ഇവർ ശ്രമിച്ചു എന്നാണ് ആരോപണം.സർക്കാർ അധികാരം ഉപയോഗിച്ച് പൊതുജനത്തിന് വേണ്ടിയല്ലാതെ, ചില വ്യക്തികൾക്കോ കമ്പനികൾക്കോ നിയമപരമല്ലാത്ത രീതിയിൽ സഹായങ്ങൾ ചെയ്തു കൊടുക്കാൻ ശ്രമിക്കുകയും, തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പുറത്ത് പോകുന്ന സർക്കാരുകളെ വിലക്കുന്ന ‘കെയർടേക്കർ കൺവെൻഷൻ’ ലംഘിച്ചെന്നും എത്തിക്സ് കമ്മീഷണർ ജെഫ്രി ഷ്‍നൂർ കണ്ടെത്തി.
പ്രീമിയർ വാബ് കിന്യൂ ഈ നടപടി അടിസ്ഥാന ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ശക്തമായി വിമർശിച്ചു. കാനഡയെ മറ്റ് രാജ്യങ്ങളിൽ നിന്ന് വേർതിരിക്കുന്നത് orderly transition of power ആണെന്നും, എന്നാൽ ഇവിടെ അതിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും കിന്യൂ പറഞ്ഞു. ഹെതർ സ്റ്റെഫാൻസണ് $18,000 ഡോളർ, ക്ലിഫ് കല്ലന് $12,000 ഡോളർ, ജെഫ് വാർട്ടണ് $10,000 ഡോളർ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്. എത്തിക്സ് കമ്മീഷണറുടെ റിപ്പോർട്ട് നിയമസഭയിലെ എല്ലാ പാർട്ടികളും ഏകകണ്ഠമായി അംഗീകരിച്ചു.
പുതിയ സർക്കാർ പിന്നീട് വേണ്ടെന്ന് വെച്ച ഈ സയോ സിലിക്ക മണൽ ഖനന പദ്ധതി പതിനായിരക്കണക്കിന് ജോലികൾ സൃഷ്ടിക്കുമെന്നും മറ്റും പറഞ്ഞ് മുൻ സർക്കാർ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് തോറ്റ ഉടൻ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകാൻ അന്നത്തെ മന്ത്രിമാർ മറ്റുള്ളവരെ വിളിച്ചു ആവശ്യപ്പെട്ടതായി എത്തിക്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കുടിവെള്ളത്തെ ബാധിക്കുമെന്ന ആശങ്കകൾ കാരണമാണ് എൻഡിപി സർക്കാർ ഈ പദ്ധതി നിർത്തലാക്കിയത്. മുൻ പ്രീമിയർ സ്റ്റെഫാൻസൺ ഉൾപ്പെടെയുള്ളവർ തങ്ങൾ പൊതുതാത്പര്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് വാദിച്ചെങ്കിലും, എത്തിക്സ് കമ്മീഷണർ തങ്ങൾക്ക് ലഭിച്ച തെളിവുകൾ ഇവർ നൽകിയ മൊഴികൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. നിലവിലെ പിസി കാക്കസിലുള്ള ജെഫ് വാർട്ടൺ ഉൾപ്പെടെയുള്ള ആരും തന്നെ പിഴ അടക്കുന്നതിന് പാർട്ടിയിൽ നിന്നോ കാക്കസിൽ നിന്നോ സഹായം സ്വീകരിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Corruption under the guise of power: Former Manitoba premier and ministers caught; huge fines



