കേരള ഓണം ബമ്പർ സമ്മാനമടിച്ച യുവതിയെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ചിത്രം ഒരു വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രത്തിന് ലൈക്കടിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തത്. ഇന്ന് നമ്മൾ കാണുന്ന പല ചിത്രങ്ങളും യഥാർത്ഥത്തിൽ എടുത്തവയല്ല. അത്, പലപ്പോഴും AI ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ണുംപൂട്ടി ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കാനും പങ്കുവെക്കാനും മടിയില്ലാത്തവരെ കബളിപ്പിക്കാൻ എത്തുന്ന ഇത്തരം വ്യാജ അവതാരങ്ങളെ തിരിച്ചറിയേണ്ടത് വലിയ അബദ്ധങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ അത്യാവശ്യമാണ്.
വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണവും ഉൾപ്പെടെയുള്ള ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളിലേക്ക് ഇവ ഭാവിയിൽ വഴി തുറന്നേക്കാം. കാഴ്ചയിലെ സ്വാഭാവികതയിൽ മയങ്ങിപ്പോകാതെ, ഒരു ചിത്രം യഥാർത്ഥമാണോ അതോ AI നിർമ്മിച്ചതാണോ എന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നമുക്ക് നോക്കാം.
AI ചിത്രങ്ങളെ തിരിച്ചറിയാനുള്ള ചില ലളിതമായ വഴികൾ സൂക്ഷ്മമായ ശ്രദ്ധ നൽകുന്നതിലൂടെ നമുക്ക് കണ്ടെത്താനാകും. ഏറ്റവും മികച്ച AI ടൂളുകൾ പോലും ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ ചില ‘പോരായ്മകൾ’ വരുത്താറുണ്ട്. കൈകളും വിരലുകളുമാണ് AI പലപ്പോഴും പരാജയപ്പെടുന്ന പ്രധാന ഘടകം. അധിക വിരലുകൾ, വിരലുകളുടെ അസ്വാഭാവികമായ വളവുകൾ, അല്ലെങ്കിൽ കൈകളുടെ ചലനത്തിലെ കൃത്രിമത്വം എന്നിവ ശ്രദ്ധിക്കണം.
അതുപോലെ കണ്ണുകൾക്ക് അസ്വാഭാവികമായ തിളക്കം, മങ്ങൽ, മുഖത്തിന് അമിതമായ മിനുസം എന്നിവയും AI ചിത്രങ്ങളുടെ ലക്ഷണങ്ങളാണ്.
ചിത്രത്തിലെ എഴുത്തുകൾ (സൈൻ ബോർഡ്, ലോട്ടറി ടിക്കറ്റ് നമ്പറുകൾ) വ്യക്തമല്ലാത്തതോ, അക്ഷരത്തെറ്റുള്ളതോ, അല്ലെങ്കിൽ അർത്ഥമില്ലാത്ത ചിഹ്നങ്ങളോ ആയിരിക്കും. കൂടാതെ പശ്ചാത്തലത്തിലെ ആവർത്തനമുള്ള പാറ്റേണുകൾ, അസ്വാഭാവികമായ മങ്ങൽ അല്ലെങ്കിൽ പരസ്പരം ബന്ധമില്ലാത്ത വസ്തുക്കളുടെ കൂട്ടിച്ചേർക്കലുകൾ എന്നിവയും AIയുടെ സൂചനകളാണ്.
കൂടുതൽ കൃത്യതയോടെ വ്യാജ ചിത്രങ്ങളെ തിരിച്ചറിയാൻ ഓൺലൈൻ പരിശോധനാ ടൂളുകളും ലഭ്യമാണ്. WasItAI പോലുള്ള വെബ്സൈറ്റുകളിൽ സംശയം തോന്നുന്ന ചിത്രം അപ്ലോഡ് ചെയ്താൽ അത് AI ആണോ അല്ലയോ എന്ന് കണ്ടെത്താൻ ശ്രമിക്കും. കൂടാതെ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രം പുതിയതാണോ എന്ന് പരിശോധിക്കാൻ ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് റിവേഴ്സ് ഇമേജ് സെർച്ച്. ഗൂഗിൾ ലെൻസ് / യാൻഡെക്സ് പോലുള്ള ടൂളുകൾ ഉപയോഗിച്ച് ചിത്രം അപ്ലോഡ് ചെയ്താൽ, അത് മുമ്പ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയും. ഡിജിറ്റൽ യുഗത്തിൽ, കാണുന്നതെല്ലാം സത്യമല്ല എന്നൊരു മുൻകരുതൽ എടുക്കുന്നത് എപ്പോഴും നല്ലതാണ്. ഒരു ലൈക്ക് നൽകുന്നതിന് മുൻപ് ഈ കാര്യങ്ങൾ മനസ്സിൽ വെച്ചാൽ, വ്യാജ അവതാരങ്ങളെ നമുക്ക് നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
AI lucky girl who hit the Onam bumper; The secret behind the fake picture, you too should know these things



