കാൽഗറി: കാനഡയിലെ ആൽബെർട്ടയിൽ കാണാതായ ആറുവയസ്സുകാരനായ ഡാരിയസ് മക്ഡൗഗലിനു വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ക്രോസ്‌നെസ്റ്റ് പാസിലെ (Crowsnest Pass) വനമേഖലയിൽ 200-ൽ അധികം പേരടങ്ങുന്ന വലിയ സംഘമാണ് കുട്ടിക്കായി തിരയുന്നത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വെട്ടിച്ചുരുക്കുന്നില്ലെന്ന് ആൽബെർട്ട റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. കുട്ടിയെ കണ്ടെത്താനായി ആർസിഎംപി ടാക്റ്റിക്കൽ സപ്പോർട്ട് ഗ്രൂപ്പിലെ 60 ഓഫീസർമാർ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ “തോൾചേർന്നുള്ള തിരച്ചിൽ” (Shoulder-to-shoulder search) നടത്തുകയാണ്.
“ഏറ്റവും ചെറിയ തെളിവുകൾ പോലും കണ്ടെത്താൻ പരിശീലനം ലഭിച്ചവരാണ് ഈ ഉദ്യോഗസ്ഥർ. കുട്ടിയെ അവസാനമായി കണ്ടെന്ന് വിശ്വസിക്കുന്ന പ്രദേശങ്ങളിൽ ഇവർ വീണ്ടും പരിശോധന നടത്തുകയാണ്,” ആർസിഎംപി കോർപ്പറൽ ഗീന സ്ലെയ്‌നി പറഞ്ഞു.
ഓട്ടിസമുള്ള കുട്ടിയാണ് ഡാരിയസ് മക്ഡൗഗൽ. കഴിഞ്ഞ ഞായറാഴ്ച ആൽബെർട്ട-ബി.സി. അതിർത്തിക്കടുത്തുള്ള ഐലൻഡ് ലേക്ക് കാമ്പിൽ (Island Lake Campground) കുടുംബാംഗങ്ങൾക്കൊപ്പമുള്ള നടത്തത്തിന് പോയ ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു. ഈ കുട്ടിക്ക് സ്വന്തം പേര് വിളിച്ചാൽ പ്രതികരിക്കാൻ സാധ്യതയില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
തിരച്ചിലിന് സഹായകരമാകുന്ന ഭൂപടങ്ങൾ കാണാനും സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാനും വേണ്ടി കമ്മ്യൂണിറ്റി കേന്ദ്രത്തിൽ ഒരു പബ്ലിക് ഇൻഫർമേഷൻ സെൻ്റർ തുറന്നിട്ടുണ്ട്. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്‌കാച്ചെവൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. തെരച്ചിലിനായി പോലീസ് ഡോഗുകൾ, ഹെലികോപ്റ്റർ, ഇൻഫ്രാറെഡ് കാമറകളോടുകൂടിയ ഡ്രോണുകൾ എന്നിവയും ഉപയോഗിക്കുന്നുണ്ട്.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് മാത്രമായി തിരച്ചിൽ വിട്ടുനൽകണമെന്നും, തിരച്ചിൽ നടക്കുന്ന സ്ഥലത്തിന് മുകളിലൂടെ വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇത് ഔദ്യോഗിക തിരച്ചിൽ ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കാതിരിക്കാനാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



