അർജൻ്റീനയിൽ മയക്കുമരുന്ന് മാഫിയ ക്രൂരമായി കൊലപ്പെടുത്തിയ യുവതികൾക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങൾ തെരുവിൽ പ്രതിഷേധിച്ചു. കൊല്ലപ്പെട്ട മൊറേന വെർഡി (20), ബ്രെൻഡ ഡെൽ കാസ്റ്റില്ലോ (20), ലാറ ഗുട്ടിയറസ് (15) എന്നിവരുടെ പേരുകൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിക്കൊണ്ടാണ് ബന്ധുക്കളും മറ്റുള്ളവരും പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മയക്കുമരുന്ന് സംഘത്തിന്റെ നിയമലംഘനം ആരോപിച്ച് സെപ്റ്റംബർ 19-നാണ് മൂവരെയും ഒരു സംഘം വാനിൽ തട്ടിക്കൊണ്ടുപോയത്.
കാണാതായി അഞ്ച് ദിവസത്തിനു ശേഷം കഴിഞ്ഞ ബുധനാഴ്ച ബ്യൂണസ് ഐറിസിലെ ഒരു വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിരലുകൾ മുറിച്ച്, നഖങ്ങൾ പറിച്ചുമാറ്റി, മർദ്ദിച്ച് ശ്വാസംമുട്ടിച്ചാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ സ്വകാര്യമായി പങ്കുവെക്കുകയും 45 പേർ വീഡിയോ കണ്ടതായും റിപ്പോർട്ടുണ്ട്. “തൻ്റെ പക്കൽ നിന്ന് മയക്കുമരുന്ന് മോഷ്ടിച്ചവർക്ക് ഇങ്ങനെയാകും വിധി” എന്ന് ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. കേസിൽ ഇതിനോടകം മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ 20 വയസ്സുകാരനായ ഒരു പെറുവിയൻ യുവാവ് ഇപ്പോഴും ഒളിവിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



