കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ‘ഓപ്പറേഷൻ നുംഖോർ’ അന്വേഷണത്തിൻ്റെ ഭാഗമായി നടൻ ദുല്‍ഖര്‍ സല്‍മാൻ്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നേരത്തെ കണ്ടെത്താൻ സാധിക്കാതിരുന്ന നിസ്സാൻ പട്രോൾ (Nissan Patrol) ആണ് കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. 27 വർഷം പഴക്കമുള്ള ഈ വാഹനം ഒളിപ്പിച്ചതാണെന്ന കസ്റ്റംസിന്റെ സംശയം ഈ കണ്ടെത്തലോടെ ശരിയായി. പിടിച്ചെടുത്ത നിസ്സാൻ പട്രോൾ കർണാടക രജിസ്‌ട്രേഷനിലുള്ളതാണ്. ഈ വാഹനത്തിന്റെ ആദ്യ ഉടമ ഇന്ത്യൻ ആർമിയാണ്. ഇതോടെ, ദുല്‍ഖറിൻ്റെ അന്വേഷണ പരിധിയിലുള്ള നാല് വാഹനങ്ങളിൽ മൂന്നെണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.
ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ടാക്‌സ് അടവ് തുടങ്ങിയ രേഖകളിൽ കൃത്യതയില്ലെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖറിൻ്റെ പനമ്പള്ളി നഗറിലെ വീട്ടിലും നടൻ പൃഥ്വിരാജിൻ്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. അന്നേ ദിവസം തന്നെ ദുൽഖറിൻ്റെ ലാൻഡ് റോവറുൾപ്പെടെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഭൂട്ടാനീസ് ഭാഷയിൽ ‘വാഹനം’ എന്ന് അർത്ഥം വരുന്ന ‘നുംഖോർ’ എന്ന പേരിലാണ് കസ്റ്റംസ് അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിനെതിരായ ഈ ഓപ്പറേഷൻ ആരംഭിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിലേക്കും കസ്റ്റംസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. രേഖകൾ കൃത്യമല്ലാത്ത വാഹനങ്ങളാണ് നിലവിൽ പിടിച്ചെടുക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



