ടൊറന്റോ: ഫുട്‌ബോൾ ലോകത്തെ ഇതിഹാസ താരം ലയണൽ മെസ്സി ടൊറന്റോയിൽ. ഈ ശനിയാഴ്ച ബി.എം.ഒ. ഫീൽഡിൽ നടക്കുന്ന എം.എൽ.എസ്. പോരാട്ടത്തിൽ ടൊറന്റോ എഫ്.സി. യെ നേരിടാൻ ഒരുങ്ങുന്ന ഇന്റർ മയാമി ടീമിനൊപ്പമാണ് അദ്ദേഹം നഗരത്തിലെത്തിയത്. എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മെസ്സിയുടെ സന്ദർശനം കാനഡയിലെ ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ വരവോടെ നഗരം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ പ്രതീതിയിലാണ്.
ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളെ ടൊറന്റോയിലേക്ക് ആകർഷിക്കുന്ന ഏറ്റവും ശ്രദ്ധേയമായ മത്സരമായിരിക്കും ഇത്. മെസ്സിയുടെ ഓരോ ചലനവും ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാനഡയിലെ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരോദയങ്ങളിൽ ഒന്നായി ഈ സന്ദർശനം മാറും എന്നതിൽ സംശയമില്ല.
അടുത്തിടെ മെസ്സിയുടെ മിന്നും പ്രകടനങ്ങളുടെ പിൻബലത്തിൽ ഇന്റർ മയാമി പ്ലേഓഫ് സ്ഥാനം ഉറപ്പിക്കുകയും സപ്പോർട്ടേഴ്‌സ് ഷീൽഡ് കിരീടത്തിന് തൊട്ടടുത്തെത്തുകയും ചെയ്തിരുന്നു.
ഈ നിർണ്ണായക ഘട്ടത്തിൽ ടൊറന്റോ എഫ്.സി.ക്കെതിരെ വിജയം നേടേണ്ടത് മയാമിക്ക് അനിവാര്യമാണ്. ഈ സീസണിൽ കേവലം അഞ്ച് വിജയങ്ങൾ മാത്രം നേടിയ ടൊറന്റോ, നിലവിൽ പോയന്റ് പട്ടികയിൽ പിന്നിലാണെങ്കിലും, സ്വന്തം തട്ടകത്തിൽ മെസ്സിക്കെതിരെ പോരിനിറങ്ങുമ്പോൾ അവർ കനത്ത വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.
മെസ്സിയുടെ പാസുകളും ഗോളുകളും ഈ സീസണിൽ ഇന്റർ മയാമിയുടെ മുഖമുദ്രയാണ്. ബുധനാഴ്ച നടന്ന മത്സരത്തിൽ ന്യൂയോർക്ക് സിറ്റി എഫ്.സിക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെ എം.എൽ.എസ്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ മെസ്സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വിജയക്കൊടി നാട്ടാൻ തന്നെയായിരിക്കും ടൊറന്റോയിൽ ഇന്റർ മയാമി ബൂട്ടുകെട്ടുക.
ടൊറന്റോയിൽ നടക്കുന്ന ഈ മത്സരം ലയണൽ മെസ്സി എന്ന മാന്ത്രികന്റെ കാൽവിരുതുകൾ നേരിൽ കാണാനുള്ള സുവർണ്ണാവസരമായാണ് കായിക ലോകം കണക്കാക്കുന്നത്. കായിക രംഗത്തെ ഇതിഹാസങ്ങൾ എത്തുമ്പോൾ കാണികളിൽ ഉണ്ടാകുന്ന അതേ ആവേശത്തിരയിളക്കം തന്നെയാണ് ടൊറന്റോയിലും ദൃശ്യമാകുന്നത്. മെസ്സി മാസ്മരികത ശനിയാഴ്ച ബി.എം.ഒ. ഫീൽഡിൽ ആവർത്തിക്കുമോ എന്ന ആകാംഷയിലാണ് ലോകമെങ്ങുമുള്ള ആരാധകർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



