കുവൈത്തിലെ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയെന്ന പരാതിയിൽ കൂടുതൽ മലയാളികൾക്കെതിരെ കേരളത്തിൽ കേസെടുത്തു. കുവൈത്തിലെ അൽ അഹ് ലി ബാങ്ക് (Al Ahli Bank) സംസ്ഥാന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 12 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മലയാളികൾ ഉൾപ്പെടെ 806 പേർ 210 കോടിയോളം രൂപയുടെ വായ്പയെടുത്ത് മുങ്ങിയതായാണ് ബാങ്കിന്റെ ആരോപണം. എന്നാൽ, കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുവൈത്ത് വിടേണ്ടിവന്നതെന്നാണ് വായ്പയെടുത്തവർ നൽകുന്ന വിശദീകരണം.
നേരത്തെ ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് (Gulf Bank of Kuwait) നൽകിയ സമാന പരാതികൾ നിലനിൽക്കെയാണ് അൽ അഹ് ലി ബാങ്കിന്റെ നീക്കം. ബാങ്കിന്റെ സിഒഒ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ) മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയിലാണ് കോട്ടയത്തും എറണാകുളത്തുമുള്ള 12 പേർക്കെതിരെ കേസെടുത്തത്. 2020-നും 2023-നും ഇടയിൽ കുവൈത്തിൽ ജോലിക്ക് എത്തിയവരാണ് ഇവർ. ഇവർ 10 കോടി 33 ലക്ഷം രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് ആരോപണം.
തുടർന്ന്, കോട്ടയത്തെയും എറണാകുളത്തെയും വിവിധ പോലീസ് സ്റ്റേഷനുകളിലായി സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസുകൾ രജിസ്റ്റർ ചെയ്തു. ബാങ്കിനെ കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് വായ്പയെടുത്തതെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. വായ്പയെടുത്ത് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ പലരും പിന്നീട് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയതായും ബാങ്ക് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കേസിൽ പ്രതികളായവരും അവരുടെ കുടുംബാംഗങ്ങളും പറയുന്നത്, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണമാണ് പലർക്കും രാജ്യം വിടേണ്ടിവന്നതെന്നാണ്. നഴ്‌സിങ് ജോലിക്കിടെ പലരും തുടങ്ങിയിരുന്ന ബിസിനസ് സംരംഭങ്ങൾ തകർന്നതും പ്രതിസന്ധിക്ക് കാരണമായി. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് നൽകിയ പരാതിയിൽ സംസ്ഥാനത്തെ നൂറുകണക്കിന് ആളുകൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് അൽ അഹ് ലി ബാങ്കിന്റെ ഈ നടപടി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'Non-resident Malayalis drowned after taking loans worth crores'; Kuwait Bank accused of cheating again



