ന്യൂ ബ്രൺസ്‌വിക് : ന്യൂ ബ്രൺസ്‌വിക് ഹെൽത്ത് കൗൺസിൽ നടത്തിയ പുതിയ സർവേ പ്രകാരം, കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ന്യൂ ബ്രൺസ്‌വിക്കിലെ കൗമാരക്കാർ ആരോഗ്യപരമായ കാര്യങ്ങളിൽ പിന്നിലാണെന്ന് കണ്ടെത്തൽ. കൗമാരക്കാർക്ക് ആവശ്യത്തിന് ഉറക്കമോ വ്യായാമമോ ലഭിക്കുന്നില്ലെന്നും, കൂടുതൽ സമയം മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ചിലവഴിക്കുന്നതായും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
റിപ്പോർട്ട് അനുസരിച്ച്, ന്യൂ ബ്രൺസ്‌വിക്കിലെ കൗമാരക്കാരിൽ വലിയൊരു വിഭാഗം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷകരമായ ശീലങ്ങൾ പിന്തുടരുന്നു. മൊബൈൽ ഫോൺ ഉപയോഗം, ഉറക്കം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട ദൈനംദിന ശീലങ്ങളെക്കുറിച്ചാണ് സർവേയിൽ പ്രധാനമായും ചോദിച്ചത്. ഈ മൂന്ന് കാര്യങ്ങളിലും ന്യൂ ബ്രൺസ്‌വിക് ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ്. “ചില കൗമാരക്കാർ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾത്തന്നെ അവർക്ക് വേണ്ട സഹായങ്ങൾ നൽകാൻ സാധിക്കും”, ന്യൂ ബ്രൺസ്‌വിക് ഹെൽത്ത് കൗൺസിൽ സിഇഒ ആയ സ്റ്റെഫാൻ റോബിചോഡ് പറഞ്ഞു.
ദിവസവും രണ്ട് മണിക്കൂറിൽ താഴെ മാത്രം സ്‌ക്രീൻ ഉപയോഗം എന്ന ദേശീയ മാർഗ്ഗനിർദ്ദേശം പാലിക്കുന്നത് 12 ശതമാനം കൗമാരക്കാർ മാത്രമാണ്. ഇത് ദേശീയ ശരാശരിയായ 19 ശതമാനത്തേക്കാൾ വളരെ കുറവാണ്. 2012-ൽ ഈ സർവേ തുടങ്ങിയതിനുശേഷം സ്‌ക്രീൻ ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ വന്നതായി റോബിചോഡ് ചൂണ്ടിക്കാട്ടി. “മൾട്ടിപ്പിൾ മൊബൈൽ ഉപകരണങ്ങളുടെ ഉപയോഗം കാരണം സ്‌ക്രീൻ ടൈം എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കൃത്യമായി അളക്കാൻ ഇന്ന് പ്രയാസമാണ്. സ്‌ക്രീനിനുമുന്നിൽ ചിലവഴിക്കുന്ന സമയം മറ്റ് സാമൂഹിക, കായിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശരിയായ ഉറക്കം ലഭിക്കാത്തവർ 40 ശതമാനവും, സ്കൂൾ ദിവസങ്ങളിൽ എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നവർ 61 ശതമാനവുമാണ്. ഇത് ദേശീയ ശരാശരിയായ 62 ശതമാനത്തിന് ഏകദേശം തുല്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കാര്യത്തിൽ ചെറിയ പുരോഗതി ഉണ്ടായിട്ടുണ്ട്.
ദിവസവും 60 മിനിറ്റ് വ്യായാമം ചെയ്യണമെന്ന മാനദണ്ഡം പാലിക്കുന്നത് ന്യൂ ബ്രൺസ്‌വിക്കിലെ 24 ശതമാനം യുവജനങ്ങൾ മാത്രമാണ്. ഇത് ദേശീയ ശരാശരിയായ 45 ശതമാനത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ഷിപാഗൻ മേഖലയിലാണ് ഏറ്റവും കുറവ് വ്യായാമം ചെയ്യുന്നവരെ കണ്ടെത്തിയത്. ഇതോടൊപ്പം നടത്തിയ മറ്റൊരു പഠനത്തിൽ, 11,000 കൗമാരക്കാർ ഒന്നോ അതിലധികമോ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. സിഗരറ്റ്, കഞ്ചാവ്, വാപ്പിംഗ്, മദ്യം എന്നിവയുടെ ഉപയോഗത്തെക്കുറിച്ചാണ് സർവേ ചോദിച്ചത്. കൗമാരക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മദ്യമാണ്. 16 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നതായി സമ്മതിച്ചു. ഓരോ പ്രദേശത്തെയും സ്ഥിതിവിവരക്കണക്കുകൾ വ്യത്യസ്തമാണെന്ന് റോബിചോഡ് പറഞ്ഞു. ഈ വിവരങ്ങൾ ഓരോ സമൂഹത്തിനും അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പരിഹാരങ്ങൾ കണ്ടെത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
A dangerous situation; Shocking findings on the health of New Brunswick teenagers



