ഇസ്രായേലുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റർ പുറത്തുവിട്ട് ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം. 47 ബന്ദികളുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററാണ് ശനിയാഴ്ച ഹമാസ് പുറത്തുവിട്ടത്. ബന്ദികളുടെയെല്ലാം ചിത്രങ്ങളുണ്ടായിരുന്നെങ്കിലും, ആരുടെയും പേരുകൾ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ചിത്രത്തിന് മുകളിൽ 1986-ൽ ലെബനനിൽവെച്ച് കാണാതായ ഇസ്രായേലി വ്യോമസേനാ ക്യാപ്റ്റൻ റോൺ ആരാദിന്റെ പേരായിരുന്നു നൽകിയിരുന്നത്.
ഹമാസ് പുറത്തുവിട്ട പോസ്റ്ററിൽ, ബന്ദികളുടെ ചിത്രങ്ങൾക്ക് താഴെ ‘സമയം അവസാനിക്കുന്നു’ എന്ന് ഇസ്രായേൽ പ്രതിരോധ സേനയെ (ഐഡിഎഫ്) ടാഗ് ചെയ്ത് അൽ ഖസ്സാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോൺ ആരാദിന്റെ പേര് ഉൾപ്പെടുത്തിയതിലൂടെ, അദ്ദേഹത്തിന്റെ തിരോധാനത്തിന് സമാനമായ സാഹചര്യമാണ് ഇസ്രായേൽ ബന്ദികൾക്കും ഉണ്ടാകാൻ പോകുന്നതെന്നാണ് ഹമാസ് പറയാൻ ഉദ്ദേശിക്കുന്നത്. ഈ പോസ്റ്ററിലൂടെ ഹമാസ് ഇസ്രായേലിനെ വെല്ലുവിളിക്കുന്നതായും പ്രതിരോധ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
നിലവിൽ, ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ എണ്ണം 134 ആണ്. ഇസ്രായേലുമായി അടുത്തിടെ നടന്ന വെടിനിർത്തൽ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഹമാസ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈ പോസ്റ്റർ ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുതരം സമ്മർദ്ദം ചെലുത്താനുള്ള ഹമാസിന്റെ തന്ത്രമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ron Arad's name is back in discussion; Hamas puts pressure on Israel



