മാനിറ്റോബ: ചർച്ചിൽ തുറമുഖം വികസിപ്പിക്കാനുള്ള മാനിറ്റോബ പ്രീമിയർ വാബ് കിന്യൂവിൻ്റെ നിർദ്ദേശം ബെലൂഗ തിമിംഗലങ്ങൾക്ക് ഭീഷണിയുയർത്തുന്നതായി വിദഗ്ധർ. ചർച്ചിൽ നദിയിലും സമീപപ്രദേശങ്ങളിലും തമ്പടിക്കുന്ന പതിനായിരക്കണക്കിന് ബെലൂഗ തിമിംഗലങ്ങളെ കപ്പലുകളുടെ വർധിച്ച ശബ്ദം അകറ്റിയേക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഇത് മേഖലയിലെ കോടിക്കണക്കിന് ഡോളർ വരുമാനമുള്ള ഇക്കോ-ടൂറിസം മേഖലയ്ക്കും നൂറ്റാണ്ടുകളായി തിമിംഗലങ്ങളെ ഭക്ഷണത്തിനായി ആശ്രയിക്കുന്ന തദ്ദേശീയ സമൂഹങ്ങൾക്കും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
സമുദ്രത്തിലെ ശബ്ദങ്ങളെ ആശ്രയിച്ചാണ് ബെലൂഗ തിമിംഗലങ്ങൾ ഇരതേടുന്നതും ഇണചേരുന്നതും വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടുന്നതും.
കപ്പലുകളിൽ നിന്നുള്ള താഴ്ന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ തിമിംഗലങ്ങളുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുമെന്ന് ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡയിലെ ഗവേഷകയായ മരിയാൻ മാർക്കോക്സ് പറയുന്നു. ആർട്ടിക് സമുദ്രത്തിലെ ശാന്തമായ വെള്ളത്തിൽ ഈ ശബ്ദങ്ങൾ കൂടുതൽ ദൂരം സഞ്ചരിക്കുമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഒരു പഠനമനുസരിച്ച്, കപ്പലുകൾ 40 മുതൽ 55 കിലോമീറ്റർ അകലെയാകുമ്പോൾ പോലും ബെലൂഗ തിമിംഗലങ്ങൾ ‘അലാറം കോളുകൾ’ പുറപ്പെടുവിച്ച് അതിവേഗം നീങ്ങാൻ തുടങ്ങുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശബ്ദം വർധിച്ചാൽ തിമിംഗലങ്ങൾ ഈ പ്രദേശം ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകനായ സ്റ്റീഫൻ പീറ്റേഴ്സൺ അഭിപ്രായപ്പെടുന്നു.
നോർത്തേൺ മാനിറ്റോബയിലെ ആർട്ടിക് ഗേറ്റ്‌വേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും ഫസ്റ്റ് നേഷൻസ്, ഹഡ്‌സൺ ബേ കമ്മ്യൂണിറ്റികളുടെ പങ്കാളിത്തമുള്ളതുമായ ഒരു തുറമുഖമാണ് ചർച്ചിൽ പോർട്ട്. ആർട്ടിക് സമുദ്രത്തിലേക്ക് റെയിൽ മാർഗം ബന്ധിപ്പിച്ചിട്ടുള്ള വടക്കേ അമേരിക്കയിലെ ഏക ആഴക്കടൽ തുറമുഖമാണിത്. നോർത്തേൺ ട്രേഡ് കോറിഡോറിൻ്റെ ഭാഗമായി എണ്ണ, പ്രകൃതിവാതകം, ഹൈഡ്രജൻ എന്നിവ യൂറോപ്യൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി തുറമുഖം വികസിപ്പിക്കാൻ പ്രീമിയർ വാബ് കിന്യൂ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ ‘രാഷ്ട്രനിർമ്മാണ’ പദ്ധതികളിൽ തുറമുഖം ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത ഘട്ടത്തിൽ വികസനം പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. തുറമുഖ വികസനം തങ്ങളുടെ പരമ്പരാഗത ജീവിതത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് തദ്ദേശീയ സമൂഹങ്ങൾ. തലമുറകളായി തിമിംഗലങ്ങളെ വേട്ടയാടി ഉപജീവനം നടത്തുന്ന ഇന്യൂട്ട് സമൂഹത്തിൽ നിന്നുള്ള ജോണി മാംകാർക്ക്, വേട്ടയാടൽ അവരുടെ സംസ്കാരത്തിൻ്റെ ഭാഗമാണെന്നും വടക്കൻ പ്രദേശങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് കാരണം ഭക്ഷണത്തിനായി വേട്ടയാടേണ്ടത് അത്യാവശ്യമാണെന്നും പറയുന്നു.
തുറമുഖ വികസനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെങ്കിലും, അത് തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസം മേഖലയുടെ നട്ടെല്ലാണ് ബെലൂഗ തിമിംഗലങ്ങൾ. ട്രാവൽ മണിറ്റോബയുടെ കണക്കനുസരിച്ച്, ചർച്ചിലിലെ ടൂറിസം മേഖല മാനിറ്റോബയുടെ ജിഡിപിയിലേക്ക് ഏകദേശം 99 ദശലക്ഷം ഡോളർ സംഭാവന ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകളിൽ ഏകദേശം 30 ശതമാനവും ബെലൂഗകളെ കാണാൻ മാത്രമായി എത്തുന്നവരാണ്.
നിലവിൽ, സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് ചർച്ചിൽ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബ്രെൻഡൻ മക്ഇവാൻ പറഞ്ഞു. ഹഡ്‌സൺ ബേയുടെ പടിഞ്ഞാറൻ തീരം ഒരു ദേശീയ സമുദ്ര സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശവും സജീവമായി പരിഗണിക്കുന്നുണ്ട്. ശരിയായ മാനേജ്‌മെന്റും നിരീക്ഷണവും ഉണ്ടെങ്കിൽ തുറമുഖ വികസനത്തിന് തിമിംഗലങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഓഷ്യൻസ് നോർത്തിലെ ക്രിസ്റ്റഫർ ഡെബിക്കി പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



