ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ ആശുപത്രികളിൽ അടിയന്തര ചികിത്സ ലഭിക്കാതെ മടങ്ങുന്നത് ആയിരക്കണക്കിന് രോഗികൾ. മോൺട്രിയൽ ഇക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് (MEI) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-ൽ ഏകദേശം 1,43,000 രോഗികൾക്കാണ് അത്യാഹിത വിഭാഗങ്ങളിൽ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. ദീർഘനേരം കാത്തുനിന്നതിന് ശേഷം ചികിത്സ കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് മിക്ക രോഗികളും ആശുപത്രി വിട്ടത്. ഓരോ എമർജൻസി റൂമിലും ചികിത്സ തേടിയെത്തുന്നവരിൽ 5.5% പേരും ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുന്നുണ്ടെന്ന് എംഇഐയിലെ സാമ്പത്തിക വിദഗ്ധനായ ഇമ്മാനുവൽ ബി ഫൗബെർട്ട് വ്യക്തമാക്കി. രോഗികളുടെ അവസ്ഥയുടെ തീവ്രത മനസ്സിലാക്കാൻ ആവശ്യമായ വിവരങ്ങൾ ബിസി അധികൃതർ ശേഖരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ബിസിയിലെ സാഹചര്യം മെച്ചപ്പെട്ടതാണെങ്കിലും, അഞ്ച് ശതമാനത്തിലധികം രോഗികൾ ഇപ്പോഴും ഈ ദുരിതം അനുഭവിക്കുന്നുണ്ട്. ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികൾ ശരാശരി 7.8% ആണ്. ബിസിയിലെ നിരക്ക് അതിനേക്കാൾ താഴെയായത് ഒരു പരിധി വരെ ആശ്വാസകരമാണെന്ന് ഫൗബെർട്ട് കൂട്ടിച്ചേർത്തു. കാനഡയിൽ ഈ വിഷയത്തിൽ ഏറ്റവും മോശം അവസ്ഥയിലുള്ള പ്രവിശ്യ പ്രിൻസ് എഡ്വേർഡ് ഐലൻഡാണ്.
അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ചികിത്സ വൈകുന്നത് രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ഈ വിഷയത്തിൽ ആരോഗ്യ അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Patients tired of waiting; Thousands of people left without treatment in BC



