നടി സൗന്ദര്യയുടെ മരണത്തിന് കാരണമായ വിമാനയാത്രയിൽ താനും ഉണ്ടാകേണ്ടിയിരുന്നെന്ന് വെളിപ്പെടുത്തി നടി മീന. അപകടം നടന്ന് 21 വർഷങ്ങൾക്കിപ്പുറമാണ് മീന ഇക്കാര്യം തുറന്നുപറയുന്നത്. അടുത്തിടെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ സൗന്ദര്യയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മീന വികാരാധീനയായത്.
“ഞങ്ങൾ തമ്മിലുണ്ടായിരുന്നത് ആരോഗ്യകരമായ ഒരു മത്സരമായിരുന്നു. സൗന്ദര്യ വളരെ കഴിവുള്ളവളും എൻ്റെ അടുത്ത സുഹൃത്തുമായിരുന്നു. അവളുടെ മരണം എന്നെ വല്ലാതെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലിൽ നിന്ന് ഞാൻ പൂർണമായും മുക്തയായിട്ടില്ല. അപകടം സംഭവിച്ച ദിവസം സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാൻ എന്നെയും ക്ഷണിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്തതുകൊണ്ട് ഒരു ഷൂട്ടുണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറി. പിന്നീട് സംഭവിച്ച ദുരന്തത്തെക്കുറിച്ച് കേട്ടപ്പോൾ ഞാൻ തകർന്നുപോയി,” മീന പറഞ്ഞു.
2004 ഏപ്രിൽ 17-നാണ് സൗന്ദര്യയുടെ ജീവനെടുത്ത വിമാനാപകടം നടന്നത്. ബിജെപിയിൽ ചേർന്നതിന് ശേഷം പാർട്ടി പ്രചാരണത്തിനായി ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോവുകയായിരുന്നു സൗന്ദര്യ. ബെംഗളൂരുവിലെ ജക്കൂർ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന സിംഗിൾ എഞ്ചിൻ വിമാനം ടേക്ക് ഓഫിന് ശേഷം ഉടൻ തന്നെ തകർന്ന് വീഴുകയായിരുന്നു. സൗന്ദര്യ, സഹോദരൻ, പൈലറ്റ് എന്നിവരുൾപ്പെടെ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എല്ലാവരും മരണപ്പെട്ടു.
മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ് സൗന്ദര്യ. ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പവും ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിൽ ജയറാമിനൊപ്പവും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. കന്നഡ ചിത്രമായ ‘ഗന്ധർവ’യിലൂടെയാണ് സൗന്ദര്യ സിനിമയിലെത്തുന്നത്. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. ‘സൂര്യവംശം’ എന്ന ഹിന്ദി ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പവും താരം വേഷമിട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Actor Meena’s Revelation About Soundarya’s Death in Plane Crash



