കീവ്: യുക്രെയ്ൻ-റഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ആയിരം യുക്രേനിയൻ സൈനികരുടെ മൃതദേഹങ്ങൾ കൈമാറി റഷ്യ. ഇതിന് പകരമായി 24 റഷ്യൻ സൈനികരുടെ മൃതദേഹങ്ങളും കൈമാറിയതായി യുക്രെയ്ൻ സർക്കാർ അറിയിച്ചു. അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയുടെ മധ്യസ്ഥതയിലാണ് മൃതദേഹങ്ങൾ കൈമാറിയതെന്ന് യുക്രെയ്ൻ അറിയിച്ചു. “മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയായി. റഷ്യൻ പക്ഷം യുക്രേനിയൻ സൈനികരുടേതെന്ന് തിരിച്ചറിഞ്ഞ 1,000 മൃതദേഹങ്ങൾ യുക്രെയ്നിന് തിരികെ ലഭിച്ചു,” യുദ്ധത്തടവുകാരുടെ കാര്യങ്ങൾക്കായുള്ള കോർഡിനേഷൻ ഹെഡ്ക്വാർട്ടേഴ്സ് ടെലിഗ്രാമിൽ കുറിച്ചു. യുക്രെയ്നിന്റെ “ഐ വാണ്ട് ടു ഫൈൻഡ്” എന്ന പദ്ധതിയാണ് മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചത്.
2022-ൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചുരുക്കം ചില സഹകരണ മേഖലകളിൽ ഒന്നാണ് സൈനികരുടെ മൃതദേഹങ്ങളും തടവുകാരെയും കൈമാറുന്നത്. യുദ്ധത്തിൽ പതിനായിരക്കണക്കിന് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റഷ്യയോ യുക്രെയ്നോ ഔദ്യോഗികമായി മരണസംഖ്യ പുറത്തുവിടാറില്ല. ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ കൈമാറിയത് ഒരു അപൂർവ സഹകരണമായാണ് വിലയിരുത്തപ്പെടുന്നത്. സമാധാന ചർച്ചകൾ പൂർണ്ണമായി നിലച്ച സമയത്താണ് മൃതദേഹ കൈമാറ്റം നടന്നതെന്നത് ശ്രദ്ധേയമാണ്.
യുഎസ് നേതൃത്വത്തിലുള്ള ശ്രമങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ നടന്ന മൂന്ന് നേരിട്ടുള്ള ചർച്ചകളും പരാജയപ്പെട്ടതോടെ യുക്രെയ്നുമായുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ക്രെംലിൻ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. മൃതദേഹങ്ങൾ ലഭിച്ചത് യുക്രേനിയൻ സൈന്യത്തിനും കുടുംബങ്ങൾക്കും ഒരുപോലെ ആശ്വാസവും വേദനയും നൽകുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ നടത്താൻ ഇത് അവസരം നൽകുന്നു. അതേസമയം, യുദ്ധത്തിന്റെ ഭീകരതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ മൃതദേഹങ്ങൾ
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



