‘പഞ്ചാബി ഹൗസ്’, ‘പരിണയം’, ‘ഗസൽ’ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി മോഹിനി, തന്റെ ജീവിതത്തിൽ നേരിട്ട കടുത്ത വിഷാദത്തെക്കുറിച്ചും, അതിനെ അതിജീവിച്ചതിനെക്കുറിച്ചും മനസ്സ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന മോഹിന് അമേരിക്കയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുകയാണ്. ഇതിനിടെയിലാണ് മോഹിനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
വിഷാദവും ആത്മഹത്യാശ്രമങ്ങളും
ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടായിട്ടും ഒരു കാരണവുമില്ലാതെ താൻ കടുത്ത വിഷാദത്തിലേക്ക് വഴുതി വീണതായി മോഹിനി പറയുന്നു. “ഒരു പ്രശ്നവും ഇല്ലാത്ത സമയത്താണ് എനിക്ക് കടുത്ത ഡിപ്രഷൻ വന്നത്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. ആത്മഹത്യ ചെയ്യാൻ ഞാൻ ഏഴു തവണ ശ്രമിച്ചു, പക്ഷേ ഓരോ തവണയും എന്തെങ്കിലും തടസ്സങ്ങൾ വന്നു.” മോഹിനി പറയുന്നു.
ഈ അവസ്ഥയ്ക്ക് കാരണം ആരോ ചെയ്ത ക്ഷുദ്രപ്രയോഗമാണെന്ന് ചില ജ്യോത്സ്യൻമാർ പറഞ്ഞെങ്കിലും, അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കാത്ത മോഹിനി ആദ്യം ഇത് തമാശയായി തള്ളിക്കളഞ്ഞു. എന്നാൽ, ഈ അസാധാരണമായ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴി തേടുകയായിരുന്നു. ആ സമയത്താണ് യേശുവിൽ വിശ്വസിക്കാൻ തുടങ്ങിയതെന്നും, അത് തനിക്ക് വലിയ ആശ്വാസം നൽകിയെന്നും മോഹിനി പറയുന്നു. “യേശു കൂടെയുണ്ടെങ്കിൽ ഒരു അനർത്ഥവും സംഭവിക്കില്ലെന്ന് ആ ദിവസങ്ങൾ എന്നെ പഠിപ്പിച്ചു.”, മോഹിനി പറയുന്നു.
സിനിമാജീവിതവും വിവാഹവും
തമിഴ് ചിത്രമായ ‘ഈറമാന റോജാവേ’ എന്ന സിനിമയിലൂടെയാണ് മോഹിനി അഭിനയരംഗത്തേക്ക് കടന്നു വന്നത്. എട്ട് വർഷത്തിനുള്ളിൽ നൂറിലധികം സിനിമകളിൽ അഭിനയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു. എന്നാൽ, കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അമേരിക്കയിലുള്ള ഭരത് എന്ന വ്യവസായിയെ വിവാഹം ചെയ്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്.
മലയാള സിനിമയിൽ നിന്നുള്ള ആരും തന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല എന്ന ഗോസിപ്പുകളെക്കുറിച്ചും മോഹിനി സംസാരിക്കുന്നുണ്ട്. വിവാഹം ചെന്നൈയിൽ വെച്ചായിരുന്നെന്നും, കേരളത്തിൽ റിസപ്ഷൻ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഗർഭിണിയായിരുന്നതിനാൽ അത് നീണ്ടുപോവുകയായിരുന്നു എന്നും അവർ വിശദീകരിച്ചു. “അത്തരം ഗോസിപ്പുകളെ ഞാൻ പോസിറ്റീവായി കാണുന്നു. ആളുകൾ ഇപ്പോഴും എന്നെ ഓർക്കുന്നത് കൊണ്ടാണ് അത്തരം വാർത്തകൾ പ്രചരിക്കുന്നത്,” മോഹിനി പറഞ്ഞു.
പുരുഷാധിപത്യവും സിനിമയും
സിനിമയിലെ നായക കേന്ദ്രീകൃതമായ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, പുരുഷാധിപത്യ സമൂഹത്തിൽ ഒറ്റയടിക്ക് മാറ്റങ്ങൾ സാധ്യമല്ലെന്നായിരുന്നു മോഹിനിയുടെ പ്രതികരണം. “പുരുഷൻമാർക്കൊപ്പം തോളോട് തോൾ ചേർന്ന് നമ്മളും നമ്മുടെ കർമ്മം അനുഷ്ഠിക്കുന്നുണ്ട്. ബാക്കിയുള്ള മാറ്റം കാലം കൊണ്ടുവരട്ടെ. നമ്മൾ അതിനായി വ്യാകുലപ്പെടേണ്ടതില്ല,” അവർ പറഞ്ഞു.
‘മറവത്തൂർ കനവ്’ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് നടൻ മമ്മൂട്ടി നൽകിയ ഉപദേശമാണ് കുടുംബത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മോഹിനി ഓർത്തെടുത്തു. മക്കൾക്കും ഭർത്താവിനും വേണ്ടി ജീവിതം സമർപ്പിക്കാൻ സാധിച്ചത് തന്റെ ഏറ്റവും വലിയ സന്തോഷമാണെന്നും, ഭർത്താവ് ഭരത് നൽകുന്ന പിന്തുണയാണ് തന്റെ ശക്തിയെന്നും മോഹിനി പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



