ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കായി കനേഡിയൻ സർക്കാർ ആരംഭിച്ച താൽക്കാലിക വിസാ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് ആളുകൾക്ക് വിസ നിഷേധിച്ചതായി ആരോപണം. ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ അഭിഭാഷക ഹന മാർക്കുവിൻ്റെ നേതൃത്വത്തിൽ ഇവർ കനേഡിയൻ ഫെഡറൽ കോടതിയെ സമീപിച്ചു. അപേക്ഷകർക്ക് അവരുടെ അപേക്ഷകൾ പൂർത്തിയാക്കാനുള്ള അവസരം പോലും നൽകാതെ സർക്കാർ മനപ്പൂർവ്വം കാലതാമസം വരുത്തിയെന്ന് ഹന മാർക്കു ആരോപിച്ചു.
അപേക്ഷകൾ സ്വീകരിക്കുന്നതിലെ കാലതാമസത്തിന് സർക്കാർ യാതൊരു വിശദീകരണവും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, അപേക്ഷകൾ വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കാനഡയിലെ ബന്ധുക്കൾ രേഖകൾ സമർപ്പിച്ച ശേഷം അപേക്ഷകർക്ക് ഒരു റഫറൻസ് കോഡ് നൽകുമെന്നും, ഈ കോഡ് ഉപയോഗിച്ച് അപേക്ഷകർക്ക് അപേക്ഷ പൂർത്തിയാക്കാമെന്നുമായിരുന്നു സർക്കാർ പ്രഖ്യാപിച്ച നടപടിക്രമം.
എന്നാൽ, തന്റെ കക്ഷികൾക്ക് ഒരു മാസത്തിനകം അപേക്ഷ സമർപ്പിച്ചിട്ടും കോഡ് ലഭിച്ചില്ലെന്ന് മാർക്കു പറഞ്ഞു. വിസ പദ്ധതിയുടെ കാലാവധി കഴിഞ്ഞെന്നും, 5,000 പേർക്കുള്ള പരിധി അവസാനിച്ചെന്നും ചൂണ്ടിക്കാട്ടി ഈ മാർച്ച് മാസം അപേക്ഷകൾ നിരസിച്ചതായി കനേഡിയൻ സർക്കാർ ഹന മാർക്കുവിനെ ഇ-മെയിലിലൂടെ അറിയിച്ചു.
എന്നാൽ, അപേക്ഷാ നടപടിക്രമങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് മാർക്കു ആരോപിക്കുന്നു.
തൻ്റെ കക്ഷികളിൽ പലരും ഗാസയിൽ മരണത്തെ മുഖാമുഖം കാണുകയാണെന്ന് ഹന മാർക്കു പറഞ്ഞു. ഒരു വയസ്സുള്ള കുഞ്ഞിൻ്റെ ചിത്രം അയച്ചുകൊടുത്തുകൊണ്ടുള്ള ഇ-മെയിൽ തനിക്ക് ലഭിച്ചെന്നും, ആ കുഞ്ഞിൻ്റെ എല്ലുകൾ എണ്ണാവുന്ന തരത്തിൽ മെലിഞ്ഞതാണെന്നും അവർ വികാരാധീനയായി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



