റെജീന: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു! സസ്ക്കച്ചവൻ റെജീന മലയാളി അസോസിയേഷൻ (RMA) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഈ വരുന്ന ഞായറാഴ്ച, സെപ്റ്റംബർ 21, ന് റെജീനയിലെ ഷാർപ്പ് ഗ്രൗണ്ടിൽ നടക്കും. കിരീടത്തിനായി ഏറ്റുമുട്ടാൻ എട്ട് കരുത്തരായ ടീമുകളാണ് തയ്യാറെടുക്കുന്നത്. ഈ ടൂർണമെന്റിൽ റെജീനയിൽ നിന്നുള്ള മൂന്ന് ടീമുകൾക്കൊപ്പം, വിന്നിപെഗ്, സാസ്ക്കച്ചെവാൻ, മെഡിസിൻ ഹാറ്റ്, നോർത്ത് ബാറ്റിൽഫോർഡ്, പ്രിൻസ് ആൽബർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും മാറ്റുരയ്ക്കുന്നുണ്ട്.
റെജീന വൈക്കിങ്‌സ്, തീപ്പൊരി റെജീന, ഹാൻബിജ് യുണൈറ്റഡ് റെജീന എന്നീ പ്രാദേശിക ടീമുകൾക്ക് പുറമെ, സൗത്ത് സൈഡ് റാപ്റ്റേഴ്‌സ് (വിന്നിപെഗ്), ഗോഡ്സ് ഓൺ XI (സാസ്ക്കച്ചെവാൻ), മെഡിസിൻ ഹാറ്റ് കോബ്രാസ്, നോർത്ത് ബാറ്റിൽഫോർഡ് ടൈറ്റൻസ്, പ്രിൻസ് ആൽബർട്ട് ജാഗ്വാർസ് എന്നിവരും ടൂർണമെന്റിന്റെ ഭാഗമാകും.
സെപ്റ്റംബർ 21ന് രാവിലെ 7 മണിക്ക് ആദ്യ മത്സരം ആരംഭിക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അവരുടെ ശക്തി തെളിയിക്കാൻ 8 ഓവറുകൾ വീതമുള്ള ലീഗ് റൗണ്ട് മത്സരങ്ങളാണ് ആദ്യം നടക്കുന്നത്. ആദ്യ മത്സരത്തിൽ റെജീന വൈക്കിങ്‌സ് മെഡിസിൻ ഹാറ്റ് കോബ്രാസിനെ നേരിടും. തുടർന്ന് തീപ്പൊരി റെജീനയും സാസ്ക്കച്ചെവാൻ ഗോഡ്‌സ് ഓൺ XI-ഉം തമ്മിലുള്ള പോരാട്ടവും, ഹാൻബിജ് യുണൈറ്റഡ് റെജീനയും നോർത്ത് ബാറ്റിൽഫോർഡ് ടൈറ്റൻസും തമ്മിലുള്ള മത്സരവും നടക്കും.
ലീഗ് മത്സരങ്ങൾക്ക് ശേഷം, മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ട് ടീമുകൾ കിരീടപ്പോരാട്ടത്തിനായി 10 ഓവറുള്ള ഫൈനലിൽ ഏറ്റുമുട്ടും. വൈകുന്നേരം 4:50-ന് ആരംഭിക്കുന്ന ഫൈനൽ മത്സരം ആവേശം നിറഞ്ഞതായിരിക്കും. ക്രിക്കറ്റിന്റെ ആവേശവും, ടീം സ്പിരിറ്റും ഒത്തുചേരുന്ന ഈ ടൂർണമെന്റ് ഒരു അവിസ്മരണീയ ദിനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈ ക്രിക്കറ്റ് മാമാങ്കത്തിൽ പങ്കുചേരാനും, നിങ്ങളുടെ ഇഷ്ടടീമിനെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കാനും, ഒപ്പം ക്രിക്കറ്റിന്റെ ഏറ്റവും മികച്ച നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമായി ക്രികറ്റ് പ്രേമികളായിട്ടുള്ള ആളുകൾക്ക് ഷാർപ്പ് ഗ്രൗണ്ടിലേക്ക് എത്തിച്ചേരാമെന്ന് സംഘാടകർ അറിയിച്ചു.
RMA tournament to excite cricket lovers; Regina Cricket Mamankam on Sunday
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



