യുഎസിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ പിടിയിലാകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ഈ വർഷം മാത്രം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ യുഎസ് പോലീസ് വിവിധ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനിടെ രണ്ട് ഇന്ത്യൻ വിദ്യാർത്ഥിനികൾ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങളുമായി കടക്കുന്നതിനിടെ പിടിയിലായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയായിരുന്നു.
20 വയസ്സുള്ള ഭവ്യ ലിംഗനഗുണ്ട, 22 വയസ്സുള്ള യാമിനി വാൽക്കൽപുടി എന്നിവരായിരുന്നു മോഷണക്കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർത്ഥിനികൾ. 2024 മാർച്ചിൽ ന്യൂജേഴ്സിയിലെ ഹോബോക്കൻ ഷോപ്പ് റൈറ്റ് ഔട്ട്ലെറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. അറസ്റ്റിന് തൊട്ടുമുമ്പ് ന്യൂജേഴ്സിയിലേക്ക് താമസം മാറിയ ഇവർ, സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥിനികളായിരുന്നു.
സംഭവദിവസം ഇവർ ബില്ലിങ് കൗണ്ടറിൽ രണ്ട് സാധനങ്ങൾക്ക് മാത്രം പണം നൽകി പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, 155.61 ഡോളർ (ഏകദേശം 13,600 രൂപ) വിലമതിക്കുന്ന 27 സാധനങ്ങളാണ് ഇവർ പണം നൽകാതെ കടത്താൻ ശ്രമിച്ചത്. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് സ്റ്റോർ ജീവനക്കാർ പോലീസിനെ വിളിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോൾ, മുഴുവൻ തുകയും നൽകാൻ തയ്യാറാണെന്ന് യുവതികൾ അറിയിച്ചു. എന്തുകൊണ്ട് ആദ്യം പണം നൽകിയില്ലെന്ന് ചോദിച്ചപ്പോൾ, ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലായിരുന്നെന്നും മറന്നുപോയതാണെന്നുമായിരുന്നു ഇവരുടെ മറുപടി. എന്നാൽ, ഇരുവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചപ്പോൾ ഇരട്ടി തുക നൽകാമെന്ന് യുവതികൾ പറഞ്ഞു. പക്ഷേ, പോലീസ് ഇത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
ഇരുവരെയും അറസ്റ്റ് ചെയ്ത് വിലങ്ങണിയിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മോഷണം എച്ച്1ബി വിസയെയും ഭാവിയിലെ തൊഴിൽ സാധ്യതകളെയും ബാധിക്കുമോയെന്ന് വിദ്യാർത്ഥിനികൾ ആശങ്കപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു. ഇത്തരം കേസുകൾ കോടതിയിലേക്ക് പോകുമെന്നും രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ മറുപടി നൽകിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ, ഇരുവരും ആ ഷോപ്പിലേക്ക് ഇനി പ്രവേശിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



