പ്രിൻസ് ആൽബർട്ട്: സസ്കച്ചെവാൻ ഫെഡറൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തടവുകാരനായ ഡൊണാൾഡ് ബുക്കാനനെ (28) കണ്ടെത്താനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കറക്ഷണൽ സർവീസ് ഓഫ് കാനഡ (CSC) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ശനിയാഴ്ച രാത്രി 9:30-ന് നടത്തിയ കണക്കെടുപ്പിലാണ് തടവുകാരനെ കാണാനില്ലെന്ന് കണ്ടെത്തിയത്. ഉടൻതന്നെ പ്രിൻസ് ആൽബർട്ട് പോലീസ് സർവീസിനെയും പ്രിൻസ് ആൽബർട്ട് ആർസിഎംപിയെയും വിവരം അറിയിക്കുകയും, അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.
ആറടി രണ്ടിഞ്ച് ഉയരവും 166 പൗണ്ട് ഭാരവുമാണ് ബുക്കാനനുള്ളത്. നീല കണ്ണുകളും തവിട്ടുനിറമുള്ള മുടിയുമുണ്ട്. ശരീരത്തിൽ നിരവധി ടാറ്റൂകളുമുണ്ട്. വലത് കൈയിൽ കോയി ഫിഷിന്റെയും വലത് കൈത്തണ്ടയിൽ ട്രാൻസ് കാനഡയുടെയും ടാറ്റൂ ഉണ്ട്. വലത് കൈയുടെ മുകൾ ഭാഗത്ത് റേസർ ബ്ലേഡിനൊപ്പമുള്ള കുരിശിന്റെയും വലത് കൈയിൽ YXE, വിമാനം, ഒരു കാർട്ടൂൺ ചിത്രം എന്നിവയുടെ ടാറ്റൂകളുമുണ്ട്.
മയക്കുമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും 5000 ഡോളറിൽ കൂടുതൽ വിലവരുന്ന കളവു മുതൽ കൈവശം വെച്ചതിനും നിരോധിത ആയുധം കൈവശം വെച്ചതിനും രണ്ടുവർഷത്തെ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു ബുക്കാനൻ.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, ഇയാളെ എത്രയും പെട്ടെന്ന് പിടികൂടാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും സിഎസ്‌സി അറിയിച്ചു. ബുക്കാനനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



