മാനിറ്റോബ: മാനിറ്റോബയിൽ എച്ച്ഐവി കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം 189 കേസുകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 75 കേസുകളും പ്രൈറി മൗണ്ടൻ ഹെൽത്ത് റീജിയണിലാണ്. കഴിഞ്ഞ വർഷം ഈ മേഖലയിൽ റിപ്പോർട്ട് ചെയ്ത 44 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയോളം കൂടുതലാണ്. 2019 മുതൽ പ്രവിശ്യയിൽ എച്ച്ഐവി കേസുകൾ വർധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രാജ്യത്ത് എച്ച്ഐവി രോഗനിർണ്ണയ നിരക്കിൽ മാനിറ്റോബ രണ്ടാം സ്ഥാനത്താണ്.
മയക്കുമരുന്ന് ഉപയോഗമാണ് മാനിറ്റോബയിൽ എച്ച്ഐവി വ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് കുത്തിവെക്കുന്നവർക്കാണ് ഇവിടെ രോഗം പകരാൻ സാധ്യത കൂടുതൽ. അതേസമയം കാനഡയിലെ മറ്റ് സ്ഥലങ്ങളിൽ ലൈംഗിക ബന്ധത്തിലൂടെയാണ് എച്ച്ഐവി പ്രധാനമായും പകരുന്നത്. ഭവനരഹിതരായവരും, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരും, ദാരിദ്ര്യത്തിൽ കഴിയുന്നവരുമാണ് രോഗബാധിതരാകുന്നവരിൽ ഏറെയും. പരിശോധനകൾ വർദ്ധിപ്പിക്കേണ്ടതും, രോഗം വരാനുള്ള കാരണങ്ങൾ കണ്ടെത്തി അവയെ തടയേണ്ടതും അത്യാവശ്യമാണെന്ന് മാനിറ്റോബ ഗവൺമെന്റ് മെഡിക്കൽ ഓഫീസറായ ഡോ. കരോൾ കുർബിസ് വ്യക്തമാക്കി.
എച്ച്ഐവിക്ക് നിലവിൽ ചികിത്സയില്ലെങ്കിലും, ശരിയായ മരുന്നുകളും ചികിത്സയും വഴി രോഗം നിയന്ത്രിക്കാൻ സാധിക്കും. മരുന്ന് കഴിക്കുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും സാധിക്കും. എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും, രോഗം വരാതെ തടയുന്നതിനുള്ള മരുന്നുകളും മാനിറ്റോബയിൽ സൗജന്യമായി ലഭ്യമാണ്. രോഗം ബാധിച്ച ആളുകൾക്ക് എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു എച്ച്ഐവി റെസ്‌പോൺസ് ടീമിന് രൂപം നൽകിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ആളുകൾക്ക് എച്ച്ഐവി പരിശോധന ലഭ്യമാക്കാനും രോഗം കണ്ടെത്താനും ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
HIV cases on the rise in Manitoba; 75 people infected in 6 months



