ഡാലസ്: ഡാലസിൽ മോട്ടൽ മാനേജറായ ഇന്ത്യക്കാരനെ തലയറുത്തു കൊലപ്പെടുത്തി. ഈ ക്രൂരമായ ആക്രമണം നടത്തിയത് കൊല്ലപ്പെട്ടയാളുടെ ഭാര്യയുടേയും മകന്റെയും കൺമുൻപിൽ വെച്ചാണ്. ചന്ദ്ര നാഗമല്ലയ്യ എന്ന അൻപതുകാരനെയാണ് മോട്ടലിലെ മറ്റൊരു ജീവനക്കാരനായ യോർദാനിസ് കോബോസ് മാർട്ടിനെസ് (37) തലയറുത്ത് കൊലപ്പെടുത്തിയത്.
ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് ഈ ദാരുണ സംഭവം. മാർട്ടിനെസും ജീവനക്കാരികളിലൊരാളും മുറി വൃത്തിയാക്കുന്നതിനിടെ ഒരു വാഷിങ് മെഷീൻ കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്നോട് നേരിട്ട് സംസാരിക്കാതെ നാഗമല്ലയ്യ മറ്റൊരു വ്യക്തിയെക്കൊണ്ട് കാര്യങ്ങൾ പറയിച്ചപ്പോൾ മാർട്ടിനെസ് ദേഷ്യപ്പെടുകയും, കടന്നാക്രമിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
വെട്ടുകത്തിയെടുത്ത് മാർട്ടിനെസ് വെട്ടാൻ വന്നതോടെ ചന്ദ്ര നാഗമല്ലയ്യ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് പല തവണ വെട്ടുകയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാൻ ചന്ദ്ര നാഗമല്ലയ്യയുടെ ഭാര്യയും മകനും ശ്രമിച്ചെങ്കിലും ഇരുവരെയും തള്ളിയിട്ട ശേഷം നാഗമല്ലയ്യയുടെ തല അറുക്കുകയായിരുന്നു. മോട്ടലിലെ പാർക്കിങ് ഏരിയയിലെ മാലിന്യകൂമ്പാരത്തിലേക്ക് അറുത്തെടുത്ത തല വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഡാലസ് ഫയർ ആൻഡ് റസ്ക്യൂ ടീം പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
കൊലപാതകക്കുറ്റം ചുമത്തി ഇയാളെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. പ്രതിയുടെ പേരിൽ നേരത്തെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും ക്രിമിനൽ കേസുകളുണ്ടായിരുന്നതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഈ ദാരുണമായ സംഭവത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ദുഃഖം രേഖപ്പെടുത്തി. അവർ നാഗമല്ലയ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഡല്ലാസ് പോലീസുമായി ചേർന്ന് വിഷയത്തിൽ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു.
Argument over washing machine leads to brutal murder in front of family; Indian man chased and beheaded in US
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



