പീക്കി ബ്ലൈൻഡേഴ്സ്, ഷോഗൺ തുടങ്ങിയ പ്രശസ്ത പരമ്പരകളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് നടൻ കോസ്മോ ജാർവിസിന്റെ ഇഷ്ട താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മോഹൻലാൽ. ചാർളി ചാപ്ലിൻ, ആന്റണി ഹോപ്കിൻസ്, ഡാനിയൽ ഡേ-ലൂയിസ് എന്നിവരുൾപ്പെടെയുള്ള ആഗോള ഇതിഹാസങ്ങൾക്കൊപ്പം ഏക ഏഷ്യൻ നടനായി മോഹൻലാൽ ഈ പട്ടികയിൽ ഇടം നേടിയത് മലയാളികൾക്ക് അഭിമാനകരമായ നിമിഷമാണ്.
ആർട്ടിക്കിൾ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോസ്മോ ജാർവിസ് തന്റെ ഇഷ്ട നടന്മാരെക്കുറിച്ചുള്ള പട്ടിക വെളിപ്പെടുത്തിയത്. ജാർവിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ചാർളി ചാപ്ലിൻ ആണ്. ബ്രൂണോ ഗാൻസ്, ആന്തണി ഹോപ്കിൻസ്, മൈക്കൽ ഷാനൻ, ഗാരി ഓൾഡ്മാൻ, കാത്തി ബേറ്റ്സ്, വാക്വിൻ ഫീനിക്സ് തുടങ്ങി നാല്പതോളം താരങ്ങളുടെ പേരാണ് ജാർവിസ് പറഞ്ഞത്. ഇക്കൂട്ടത്തിലാണ് അദ്ദേഹം മോഹൻലാലിനേയും ഉൾപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് മറ്റൊരു താരത്തേക്കുറിച്ചും അദ്ദേഹം പരാമർശിച്ചിട്ടില്ല. മോഹൻലാലിന്റെ പഴയ സൂപ്പർഹിറ്റ് ചിത്രമായ താളവട്ടത്തിന് പ്രചോദനമായ വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് ആണ് ജാർവിസിന് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒരെണ്ണം എന്നതും ശ്രദ്ധേയമാണ്. കോസ്മോ ജാർവിസിന്റെ അഭിമുഖം മോഹൻലാൽ ഫാൻ പേജുകളിൽ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്.
ലേഡി മാക്ബത്ത് (2016), കാം വിത്ത് ഹോഴ്സസ് (2019), പെർസുവേഷൻ (2022) തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തനായ കോസ്മോ ജാർവിസ്, പീക്കി ബ്ലൈൻഡേഴ്സ്, ഷോഗൺ എന്നീ പരമ്പരകളിലൂടെയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകശ്രദ്ധ നേടിയത്. അടുത്തിടെ റോബർട്ട് ഡി നീറോ നായകനായ ‘ദി ആൾട്ടോ നൈറ്റ്സ്’, ഡി’ഫറാവോ വൂൺ-എ-തായ് നായകനായ ‘വാർഫെയർ’ എന്നിവയിലും അദ്ദേഹം അഭിനയിച്ചു.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Cosmo Jarvis revealed his all-time favourite actors in a list that included Mohanlal alongside global cinema icons such as Charlie Chaplin, Anthony Hopkins, and Daniel Day-Lewis



