പാരി സൗണ്ടിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രവേശനം വൈകിയതിനെ തുടർന്ന് നിയർ നോർത്ത് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. സ്കൂൾ വർഷം ഓൺലൈനായി ആരംഭിക്കാൻ നിർബന്ധിതരായ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ തുടർന്നാണ് നടപടി. വിദ്യാഭ്യാസ മന്ത്രി പോൾ കാലന്ദ്രയാണ് സംഭവത്തിൽ വിശദമായ ഭരണപരമായ അവലോകനം പ്രഖ്യാപിച്ചത്. പഴയ ഹൈസ്കൂളിന്റെ ഭാഗികമായ പൊളിച്ചുമാറ്റലും പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിലെ കാലതാമസവുമാണ് വിദ്യാർത്ഥികളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രാദേശിക ഭരണകൂടവും സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
പുതിയ സ്കൂൾ നിർമ്മാണത്തിലെ കാലതാമസം കാരണം ഈ അധ്യയന വർഷം മുഴുവൻ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസ്സിൽ പോകേണ്ടിവരുമെന്ന് സ്കൂൾ ബോർഡ് ഓഗസ്റ്റിൽ അറിയിച്ചിരുന്നു. കിന്റർഗാർട്ടൻ മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികളെ മക്ഡഗൽ പബ്ലിക് സ്കൂളിലേക്കും ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മുൻപ് അടച്ചുപൂട്ടിയ നോബൽ പബ്ലിക് സ്കൂളിലേക്കും മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് താൽക്കാലികമായി പഠിക്കാൻ ഒരു സ്ഥലവും കണ്ടെത്താൻ സാധിച്ചില്ല. ഏപ്രിൽ മാസത്തിൽ സ്കൂൾ ബോർഡ് സന്ദർശിച്ചപ്പോൾ കാലതാമസത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കണമെന്ന് നിർദ്ദേശിച്ചിരുന്നതായി വിദ്യാഭ്യാസ മന്ത്രി പോൾ കാലന്ദ്ര പറഞ്ഞു. ജൂലൈ 25-ന് വീണ്ടും ബോർഡിന് കത്തെഴുതുകയും വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉടനടി പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, താൽകാലികമായി പഴയ ഹൈസ്കൂൾ കെട്ടിടം ഉപയോഗിക്കാനുള്ള സാധ്യത നഗരസഭയും സ്കൂൾ ബോർഡും ചേർന്ന് പരിശോധിക്കുകയാണെന്ന് പാരി സൗണ്ട് മേയർ ജാമി മക്ഗാർവി അറിയിച്ചു. പഴയ കെട്ടിടത്തിൽ ആസ്ബറ്റോസ് നീക്കം ചെയ്യലും പൊളിച്ചുമാറ്റലും നടന്നിട്ടുള്ളതിനാൽ കെട്ടിടം സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. ഈ വിഷയത്തിൽ താൻ നിരാശനാണെന്നും വിദ്യാർത്ഥികളെ എത്രയും വേഗം ക്ലാസ് മുറികളിൽ തിരിച്ചെത്തിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ബോർഡിന്റെ എല്ലാ ആശയവിനിമയങ്ങളും തന്നെ നേരിട്ട് അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ontario education controversy; Government orders investigation into board



