ലിസ്ബൺ : പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ട്രാം പാളം തെറ്റി മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 17 ആയി ഉയർന്നു. 23 പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ കാനഡക്കാരനുൾപ്പെടെയുള്ള വിദേശികളും ഉൾപ്പെടുന്നു എന്നാണ് റിപോർട്ടുകൾ. ലിസ്ബണിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഈ അപകടം വിലയിരുത്തപ്പെടുന്നത്. അപകടത്തിൽ മരിച്ചവർക്കെല്ലാം ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പോർച്ചുഗൽ ഇന്ന് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റ് മൂന്ന് ഫ്യൂണിക്കുലാർ ട്രാം സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച് അടിയന്തര പരിശോധനകൾക്ക് വിധേയമാക്കി.
ട്രാം അപകടത്തിൽ മരിച്ചവരുടെ രേഖകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ട്രാം ബ്രേക്ക്മാൻ ആന്ദ്രെ മാർക്വസ് മരിച്ചവരിൽ ഉൾപ്പെട്ടതായി ട്രാൻസ്പോർട്ട് വർക്കേഴ്സ് ട്രേഡ് യൂണിയൻ SITRA സ്ഥിരീകരിച്ചിട്ടുണ്ട്. പോർച്ചുഗീസ് പൗരന്മാരെ കൂടാതെ ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്വിസ്, കനേഡിയൻ, മൊറോക്കൻ, ദക്ഷിണ കൊറിയൻ, കേപ് വെർഡെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ ട്രാം ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറിയുകയുമായിരുന്നു. ട്രാം നിയന്ത്രണം വിട്ട് വന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. കേബിളിനോ ബ്രേക്കിനോ ഉണ്ടായ തകരാറാണോ അപകടകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെയും ഓട്ടോപ്‌സി റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
‘എലിവഡോർ ഡ ഗ്ലോറിയ’ എന്നറിയപ്പെടുന്ന ഈ ട്രാം 19-ാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നതിനാൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ യാത്ര. പ്രതിവർഷം 8.5 ദശലക്ഷം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ലിസ്ബണിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണമാണ് ഈ ഫ്യൂണിക്കുലാർ. സാധാരണഗതിയിൽ വളരെ തിരക്കേറിയ ഈ ട്രാമിന്റെ സർവീസ് 1885-ൽ ആരംഭിച്ചതാണ്. മുൻപ് ട്രാമിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തിയിരുന്നുവെന്ന് സർവീസ് ഓപ്പറേറ്ററായ കാരിസ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച കാരിസ്, അപകടകാരണങ്ങൾ കണ്ടെത്താൻ എല്ലാ സഹകരണവും നൽകുമെന്ന് ഉറപ്പ് നൽകി.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും ലിസ്ബൺ മേയർ കാർലോസ് മോയിഡസും അനുശോചനം രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ പാർലമെന്റിലെയും യൂറോപ്യൻ കമ്മീഷനിലെയും പതാകകൾ പകുതി താഴ്ത്തിക്കെട്ടി. യൂറോപ്യൻ യൂണിയൻ നേതാക്കൾ ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ചു.”നമ്മൾ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ദുരന്തം” എന്നാണ് അപകടത്തെ മേയർ വിശേഷിപ്പിച്ചത്. യൂറോപ്പിലെ തന്നെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിലെ ഇത്തരം അപകടം ലോകമെമ്പാടുമുള്ള സഞ്ചാരികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.



