വാഷിങ്ടൺ ഡിസി: പീഡോഫൈലായിരുന്ന ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട 33,000-ത്തിലധികം പേജുകളുള്ള രേഖകൾ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ഓവർസൈറ്റ് കമ്മിറ്റി പുറത്തുവിട്ടു. 2019-ൽ ജയിലിൽവെച്ച് എപ്‌സ്റ്റീൻ മരിച്ചതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ, വിമാനയാത്ര രേഖകൾ, കോടതി രേഖകൾ, ഓഡിയോ റെക്കോർഡിംഗുകൾ, ഇമെയിലുകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് പുറത്തുവന്നത്. എന്നാൽ, ഈ ഫയലുകളിൽ പുതിയ വിവരങ്ങളൊന്നും ഇല്ലെന്ന് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഒരേപോലെ അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽനിന്ന് കൂടുതൽ സുതാര്യത ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ അനുയായികളിൽനിന്ന് സമ്മർദം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രേഖകൾ പുറത്തുവിട്ടത്. എപ്‌സ്റ്റീനിന്റെ ‘ക്ലയിന്റ് ലിസ്റ്റിൽ’ കുറ്റകരമായ വിവരങ്ങളൊന്നും ഇല്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ജൂലൈയിൽ വ്യക്തമാക്കിയിരുന്നു. ഓവർസൈറ്റ് കമ്മിറ്റി ചെയർമാനായ ജെയിംസ് കോമർ എന്ന റിപ്പബ്ലിക്കൻ കോൺഗ്രസുകാരനാണ് രേഖകൾ പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടത്.
പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ എപ്‌സ്റ്റീൻ മരിച്ച രാത്രിയിലെ ന്യൂയോർക്ക് ജയിലിലെ സെല്ലിന് പുറത്തുനിന്നുള്ള 13 മണിക്കൂറിലേറെ ദൈർഘ്യമുള്ള വീഡിയോ ഉൾപ്പെടുന്നു. രണ്ട് മാസം മുമ്പ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടതിനേക്കാൾ രണ്ട് മണിക്കൂർ കൂടുതലാണിത്. എന്നാൽ, ‘കാണാതായ ഒരു മിനിറ്റ്’ എന്നറിയപ്പെടുന്ന ദൃശ്യങ്ങൾ ഈ വീഡിയോയിൽ ഇല്ലെന്ന് ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ രാത്രിയിലും ജയിലിന്റെ ക്യാമറ സിസ്റ്റം റീസെറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ മാറ്റമാണിതെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി നേരത്തെ വിശദീകരിച്ചിരുന്നു.
ഈ അസാധാരണത്വം എപ്‌സ്റ്റീൻ ആത്മഹത്യ ചെയ്തതല്ല എന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് ശക്തി പകരുകയും ചെയ്തിരുന്നു. പുറത്തുവന്ന രേഖകളിൽ എപ്‌സ്റ്റീനിന്റെ ഇരകളായവർ അഭിമുഖങ്ങളിൽ ലൈംഗിക ചൂഷണത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോകളും ഉൾപ്പെടുന്നു. ഇവരുടെ മുഖം മങ്ങിയ നിലയിലും പേരുകൾ ഒഴിവാക്കിയ നിലയിലുമാണ്. എപ്‌സ്റ്റീനിന്റെ ഫ്ലോറിഡയിലെ പാമ്പീച്ചിലുള്ള വീട് പോലീസ് പരിശോധിക്കുന്നതിന്റെ ബോഡി ക്യാം ദൃശ്യങ്ങളും രേഖകളിലുണ്ട്.
പുറത്തുവിട്ട രേഖകളിൽ 97 ശതമാനവും പൊതുജനങ്ങൾക്ക് നേരത്തെ ലഭ്യമായ വിവരങ്ങളാണെന്ന് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റായ റോബർട്ട് ഗാർഷ്യ പറഞ്ഞു. ‘ഈ രേഖകളിൽ ഒരു ക്ലയിന്റ് ലിസ്റ്റിനെക്കുറിച്ചോ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചോ യാതൊരു പരാമർശവുമില്ല’ – അദ്ദേഹം കൂട്ടിച്ചേർത്തു.
എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനത്തിലെ യാത്രാവിവരങ്ങളാണ് പുതിയതായി പുറത്തുവന്ന ഏക രേഖയെന്ന് ഡെമോക്രാറ്റിക് കോൺഗ്രസുകാരിയായ സമ്മർ ലീ പറഞ്ഞു. എല്ലാ എപ്‌സ്റ്റീൻ ഫയലുകളും 30 ദിവസത്തിനുള്ളിൽ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് തോമസ് മാസി എന്ന റിപ്പബ്ലിക്കൻ കോൺഗ്രസുകാരൻ ഒരു ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ രേഖകൾ പുറത്തുവന്നത്.



