വെയിൽസ്: യുകെയിലെ വെയിൽസിൽ മലയാളി യുവാവിനെ നായ്ക്കൾ ആക്രമിച്ചു. കോട്ടയം സ്വദേശിയായ യുവാവിന് നേരെ ‘ബുൾഡോഗ്’ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളാണ് ആക്രമണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, വീടിന്റെ മുൻപിൽ വെച്ചാണ് ആക്രമണം നടന്നത്. നായ്ക്കളുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇരുപതോളം വീടുകളുള്ള റെക്സ്ഹാമിലെ ഒരു പ്രദേശത്താണ് സംഭവം. രാത്രി 11 മണിയോടെ, സമീപത്തെ വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ ഉടമയായ സ്ത്രീയും പങ്കാളിയും നായ്ക്കളുമായി രാത്രി നടക്കാൻ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. നായ്ക്കൾ ആദ്യം ഒരു സൈക്കിൾ യാത്രക്കാരനെ ആക്രമിച്ചിരുന്നു.
ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ യുവാവ് വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും നായ്ക്കൾ പിന്തുടർന്ന് ആക്രമിച്ചു. ഈ സമയത്ത് വീടിനകത്തുണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും സുരക്ഷിതരാക്കാൻ യുവാവിന് കഴിഞ്ഞു. നെഞ്ച്, വയറ്, കൈകാലുകൾ, തലയുടെ ഇടതുഭാഗം എന്നിവിടങ്ങളിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ പോലീസിൻ്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.
സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട നായ്ക്കളുടെ ഉടമയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നായ്ക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായ്ക്കളെ കൊന്നുകളയുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ പോലീസ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിൽ നിന്ന് വെയിൽസിലേക്ക് താമസം മാറിയ യുവാവ് രണ്ട് വർഷം മുൻപാണ് യുകെയിൽ എത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Malayali youth attacked by dogs in UK; Dogs and owner in custody



