ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം അമേരിക്കയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ഈ വർഷം വേനൽക്കാലത്ത് കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിർത്തി നഗരങ്ങൾ മുതൽ ലാസ് വേഗസ്, ലോസ് ആഞ്ചലസ് പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും വിദേശ ടൂറിസ്റ്റുകൾ കുറഞ്ഞതായി ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.
ട്രംപിന്റെ പുതിയ താരിഫുകളും, കർശനമായ കുടിയേറ്റ നിയമങ്ങളും, കൂടാതെ കാനഡയെയും ഗ്രീൻലാൻഡിനെയും ഏറ്റെടുക്കുമെന്നുള്ള പ്രസ്താവനകളും വിദേശ യാത്രക്കാരെ അമേരിക്കയിൽ നിന്ന് അകറ്റിയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ബഫലോ പോലുള്ള കനേഡിയൻ അതിർത്തിയിലുള്ള നഗരങ്ങളിലാണ് ഈ മാറ്റം ഏറ്റവും പ്രകടമായി കാണാൻ കഴിയുന്നത്. സാധാരണയായി വേനൽക്കാലത്ത് കാനഡയിൽ നിന്ന് ധാരാളം ആളുകൾ ബഫലോയിലേക്ക് വരാറുണ്ട്. ഈ വർഷം ഈ ഒഴുക്ക് വളരെ കുറഞ്ഞു.
കാനഡയിൽ നിന്നുള്ള ആളുകളെ ആകർഷിക്കാൻ “ബഫലോ ലവ്‌സ് കാനഡ” എന്ന പേരിൽ ഒരു പരസ്യ പ്രചാരണം തന്നെ നടത്തേണ്ടി വന്നു. എങ്കിലും പ്രതീക്ഷിച്ചത്ര ഫലം ലഭിച്ചില്ലെന്ന് ബഫലോയിലെ ടൂറിസം സംഘടനയായ വിസിറ്റ് ബഫലോ നയാഗ്രയുടെ സിഇഒ പാട്രിക് കാലെർ പറയുന്നു. ഇതോടെ കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ കുറവ് നികത്താൻ അവർക്ക് ഫിലാഡൽഫിയ, ചിക്കാഗോ പോലുള്ള മറ്റ് യുഎസ് നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു.
ലോകമെമ്പാടുമുള്ള യാത്രാ, ടൂറിസം വ്യവസായത്തെക്കുറിച്ച് പഠിക്കുന്ന വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ നടത്തിയ പഠനമനുസരിച്ച്, 2025-ൽ വിദേശ ടൂറിസ്റ്റുകളുടെ വരുമാനം കുറയാൻ സാധ്യതയുള്ള ഒരേയൊരു രാജ്യം അമേരിക്കയാണ്. വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനു പകരം യു.എസ്. “അടച്ച” സൂചനയാണ് നൽകുന്നതെന്ന് കൗൺസിലിന്റെ പ്രസിഡന്റ് ജൂലിയ സിംപ്സൺ പറഞ്ഞു. ട്രംപിന്റെ രണ്ടാം വരവിൽ ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യാത്രാവിലക്ക് പുനരുജ്ജീവിപ്പിക്കുകയും, വിസ നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ നയങ്ങൾ വിദേശികൾക്കിടയിൽ അമേരിക്കയോട് ഒരുതരം ശത്രുതാപരമായ മനോഭാവം ഉണ്ടാക്കി എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷം അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് കാനഡയിൽ നിന്നായിരുന്നു.20.2 ദശലക്ഷം ആളുകളാണ് കാനഡയിൽ നിന്നും യു.എസിലേക്ക് വന്നത്. എന്നാൽ ഈ വർഷം സ്ഥിതി മാറി. കാനഡയിൽ നിന്ന് കാറിൽ യു.എസിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തിൽ 37 ശതമാനവും വിമാനത്തിൽ വരുന്ന ആളുകളുടെ എണ്ണത്തിൽ 26 ശതമാനവും കുറവുണ്ടായതായി കാനഡയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസി പറയുന്നു.
കഴിഞ്ഞ 20 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടാകുന്നത്. എന്നാൽ ഇതേസമയം, അർജന്റീന, ബ്രസീൽ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുമുണ്ട്. വാഷിംഗ്ടൺ ഡി.സി. പോലുള്ള നഗരങ്ങളിലും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര സ്വിംഗ് ഡാൻസ് മത്സരം പോലുള്ള പരിപാടികൾ പോലും യു.എസിൽ നിന്ന് മാറ്റി മറ്റൊരു രാജ്യത്തേക്ക് നടത്താൻ സംഘാടകർ ആലോചിക്കുന്നുണ്ട്.
മൊത്തത്തിൽ, 2025-ന്റെ ആദ്യ ഏഴ് മാസങ്ങളിൽ വിദേശ സന്ദർശകരുടെ എണ്ണത്തിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായതായി യു.എസ്. സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ചില ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളായ വിസ്കോൺസിൻ പോലുള്ള സ്ഥലങ്ങളിൽ യു.എസ്. ടൂറിസ്റ്റുകളുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്.
"America loves Canada"; Billboards fail to deliver; US tourism sector in crisis as Canadians turn away



