വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ചില സമയങ്ങളിൽ വിചാരിച്ചതിലും അധികം പണം ചിലവാക്കേണ്ടി വരാറുണ്ട്. എന്നാൽ ഇത് കുറയ്ക്കാനും പണം ലാഭിക്കാനും ചില കുറുക്കുവഴികളുണ്ട്. വിദേശയാത്രകളിൽ പൊതുഗതാഗതം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പലർക്കും ആശങ്കകൾ ഉണ്ടാവാറുണ്ട്. ട്രെയിനുകളുടെയും ബസ്സുകളുടെയും സമയക്രമം മനസ്സിലാക്കുന്നതിൽ വരുന്ന ബുദ്ധിമുട്ടുകളാണ് ഇതിന് പ്രധാന കാരണം. എന്നാൽ, ചില കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ യാതൊരു ടെൻഷനും ഇല്ലാതെ വിദേശയാത്രകൾ ആസ്വദിക്കുകയും യാത്രയിൽ കൂടുതൽ പണം കളയാതെ ലാഭിക്കാനും കഴിയും.
വിലയേറിയ സാധനങ്ങൾ ശ്രദ്ധിക്കുക
യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക. വാലറ്റും പാസ്‌പോർട്ടും ബാഗിനുള്ളിൽ ഒരു പ്രത്യേക സ്ഥലത്ത് വെക്കുക. എന്നാൽ ആഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പോലുള്ള സാധനങ്ങൾ ഹോട്ടൽ മുറിയിൽ വെച്ച് പുറത്തിറങ്ങുന്നതാണ് സുരക്ഷിതം.
എക്സിറ്റ് വഴികൾ മനസ്സിലാക്കുക
ട്രെയിൻ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും അടുത്ത എക്സിറ്റ് ഗേറ്റ് ഏതാണെന്ന് മനസ്സിലാക്കുക. Google Maps പോലെയുള്ള ആപ്പുകൾ ഇതിനായി ഉപയോഗിക്കാം. എവിടെ നിന്ന് യാത്ര തുടങ്ങണം, എവിടെ ഇറങ്ങണം എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് യാത്ര കൂടുതൽ എളുപ്പമാക്കും.
മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കുക
പുറംരാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവിടുത്തെ സാധാരണക്കാരെപ്പോലെ പെരുമാറാൻ ശ്രമിക്കുക. ടൂറിസ്റ്റാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റും ഒഴിവാക്കുക. വഴി അറിയാതെ വന്നാൽ ആവശ്യമുള്ള ആളുകളോട് മാത്രം വഴി ചോദിക്കുക. വഴി തെറ്റി നിൽക്കുകയാണെന്ന് മറ്റുള്ളവർക്ക് തോന്നാതിരിക്കാൻ ശ്രദ്ധിക്കുക.
സമയക്രമം അറിയുക
പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ അവയുടെ സമയക്രമം മുൻകൂട്ടി മനസ്സിലാക്കണം. പോകുന്ന സ്ഥലത്തേക്കും തിരികെ വരാനുമുള്ള ട്രെയിനിന്റെയോ ബസ്സിൻ്റെയോ സമയം അറിഞ്ഞിരിക്കണം. മിക്ക പൊതുഗതാഗത സംവിധാനങ്ങൾക്കും അതിൻ്റേതായ ആപ്പുകളോ വെബ്സൈറ്റുകളോ ഉണ്ടാകും. രാത്രി യാത്ര ചെയ്യുമ്പോൾ ഇത് വളരെ പ്രധാനമാണ്.
ടിക്കറ്റ് നിരക്ക് അറിഞ്ഞിരിക്കുക
യാത്ര ചെയ്യുന്നതിന് മുമ്പ് ടിക്കറ്റ് നിരക്ക് എത്രയാണെന്ന് മനസ്സിലാക്കുക. ആവശ്യമായ തുക ചില്ലറയാക്കി കൈയിൽ വെക്കുന്നത് ടിക്കറ്റെടുക്കുന്നത് എളുപ്പമാക്കും.
പാസുകൾ ഉപയോഗിക്കാം
ഒരു സ്ഥലത്ത് കുറച്ച് ദിവസം നിൽക്കാനും പൊതുഗതാഗതം മാത്രം ഉപയോഗിക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ യാത്രാ പാസുകൾ വാങ്ങുന്നത് പണം ലാഭിക്കാൻ സഹായിക്കും. ബസ്സ്, ട്രെയിൻ എന്നിവയിൽ ഇത്തരം പാസുകൾ ഉപയോഗിക്കുന്നത് യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കും.
foreign travel safety measures



