ആൽബർട്ട: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ആൽബെർട്ട പ്രവിശ്യയിൽ അധ്യാപകരുടെ പണിമുടക്ക് ഭീഷണി. മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ടുകൊണ്ട് 51,000-ത്തോളം അധ്യാപകരാണ് പണിമുടക്കാനൊരുങ്ങുന്നത്. ഈ ആഴ്ച യൂണിയൻ പ്രതിനിധികളും സ്കൂൾ ബോർഡുകളും തമ്മിൽ മധ്യസ്ഥ ചർച്ചകൾ നടക്കുമെന്നും, അതിൽ തീരുമാനമായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജേസൺ ഷില്ലിംഗ് അറിയിച്ചു. അധ്യാപകരുടെ ഈ നീക്കം വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഭാവിക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പണിമുടക്ക് ഭീഷണിക്ക് പ്രധാന കാരണം. നാല് വർഷം കൊണ്ട് 12 ശതമാനം ശമ്പള വർദ്ധനവ് നൽകാമെന്നുള്ള മധ്യസ്ഥന്റെ നിർദ്ദേശം കഴിഞ്ഞ ജൂണിൽ നടന്ന വോട്ടെടുപ്പിൽ 95 ശതമാനം അധ്യാപകരും തള്ളിയിരുന്നു. 2002-ൽ വലിയ ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണക്കൂടുതൽ, കുറഞ്ഞ ശമ്പളം, അധ്യാപകരുടെ കുറവ് തുടങ്ങിയ കാരണങ്ങൾ മുൻനിർത്തി ആൽബർട്ടയിലെ 20,000-ത്തോളം അധ്യാപകർ പണിമുടക്കിയിരുന്നു. അതിനുശേഷം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ പറയുന്നത്. സാമ്പത്തികരംഗം തകർന്ന സമയങ്ങളിൽ ശമ്പള വർദ്ധനവ് വേണ്ടെന്ന് വെച്ച അധ്യാപകർക്ക് ഇപ്പോൾ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും, ചില പുതിയ അധ്യാപകർക്ക് പഠന വായ്പകൾ തിരിച്ചടയ്ക്കാൻ രണ്ടാമതൊരു ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും ഷില്ലിംഗ് ചൂണ്ടിക്കാട്ടി.
അധ്യാപകർക്ക് യാതൊരുവിധ പണിമുടക്ക് വേതനവും ലഭിക്കില്ലെന്നിരിക്കെ പോലും സമരവുമായി മുന്നോട്ട് പോകാൻ അധ്യാപകർ തയ്യാറാകുന്നത്, ക്ലാസ് മുറികളിലെ മോശം സാഹചര്യങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൊണ്ടാണെന്ന് യൂണിയൻ പറയുന്നു. 2020-ൽ സർക്കാർ സ്കൂൾ ഫണ്ടിംഗിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം ആൽബർട്ടയിലെ വിദ്യാഭ്യാസ മേഖലയുടെ സാമ്പത്തിക നില പിന്നോട്ട് പോയി. നിലവിൽ കാനഡയിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ഫണ്ടിംഗ് ലഭിക്കുന്ന പ്രവിശ്യകളിലൊന്നാണ് ആൽബർട്ട. കൂടാതെ, കൂടുതൽ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടി വരുന്ന സാഹചര്യത്തിൽ, അതിനനുസരിച്ച് സ്റ്റാഫിന്റെ എണ്ണം കൂട്ടാനോ മറ്റ് സേവനങ്ങൾ ഒരുക്കാനോ സ്കൂൾ ബോർഡുകൾക്ക് സാധിക്കുന്നില്ല. ഇത്തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങളും വർധിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണവും ചേർന്നപ്പോൾ അധ്യാപകർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം കൂടുതൽ ദുസ്സഹമായി മാറിയെന്നാണ് വിലയിരുത്തൽ.
Alberta teachers threaten strike; concerns as schools reopen



