ഒന്റാറിയോയിലുടനീളമുള്ള സ്കൂൾ സോണുകളിൽ സുരക്ഷാ ഭീഷണികൾ വർധിക്കുന്നതായി സർവ്വേ റിപ്പോർട്ടുകൾ. കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ (CAA) പുതിയ സർവ്വേ പ്രകാരം, സ്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം അപകട സാധ്യതകൾ കൂടുതലാണ്. രാവിലെയും വൈകുന്നേരവും തിരക്ക് വർധിച്ചതായി 80 ശതമാനത്തിലധികം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് ഈ വർദ്ധനവ്. സൈക്കിളിലോ കാൽനടയായോ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിന് പകരം കൂടുതൽ രക്ഷിതാക്കളും സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോകുന്നതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് CAA ഉദ്യോഗസ്ഥനായ ലോറൻ ഫിഷർ പറഞ്ഞു.
നിലവിൽ 63 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ സ്കൂൾ സോൺ സുരക്ഷിതമല്ലെന്ന് കരുതുന്നു. 2023-ൽ ഇത് 55 ശതമാനമായിരുന്നു. അമിതവേഗത, പാർക്കിംഗ്, തെറ്റായ സ്ഥലങ്ങളിൽ വാഹനം നിർത്തുന്നത് എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ശരിയായ ഡ്രോപ്പ്-ഓഫ് സംവിധാനങ്ങൾ ഇല്ലാത്തതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, സ്കൂളിൽ നിന്ന് ഒരു ബ്ലോക്ക് അകലെ വാഹനം പാർക്ക് ചെയ്ത് കുട്ടികളോടൊപ്പം നടന്ന് പോകാൻ രക്ഷിതാക്കളോട് CAA നിർദ്ദേശിച്ചു. വേഗത നിയന്ത്രിക്കുക, ശ്രദ്ധ വ്യതിചലിക്കാതെ വാഹനമോടിക്കുക, ഡ്രോപ്പ്-ഓഫ് നിയമങ്ങൾ പാലിക്കുക തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങളും CAA നൽകുന്നുണ്ട്.
സ്കൂൾ സോണുകളിൽ വേഗപരിധി 30 km/h ആയി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ സുരക്ഷാ നടപടികളെ പല രക്ഷിതാക്കളും പിന്തുണയ്ക്കുന്നുണ്ട്. വേഗപരിധി കുറയ്ക്കുന്നത് റോഡ് മുറിച്ചുകടക്കുന്ന കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും, ഡ്രൈവർമാർക്ക് പെട്ടെന്ന് പ്രതികരിക്കാൻ സമയം നൽകുമെന്നും ഫിഷർ ചൂണ്ടിക്കാട്ടി. വിൻഡ്‌സറിൽ, രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി നഗര അധികൃതരും രംഗത്തെത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമവിരുദ്ധമായ പാർക്കിംഗ് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Danger in school zones: Students concerned about safety



