ഒട്ടാവയിൽ വിൽക്കുന്ന പിസ്ത അടങ്ങിയ ചില ബക്ലാവ, കുക്കീസ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. ഇവയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായേക്കാം എന്ന സംശയത്തെ തുടർന്നാണ് ഈ നടപടി. ഭക്ഷ്യവിഷബാധയെക്കുറിച്ച് നടക്കുന്ന ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്പന്നങ്ങൾ പിൻവലിക്കാൻ കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) ഉത്തരവിട്ടത്. അൽക്കദൂർ സ്വീറ്റ്സ്, മിസ്റ്റർ കാക് തുടങ്ങിയ സ്ഥാപനങ്ങളിൽ വിൽക്കപ്പെട്ട വിവിധ ഉത്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജൂൺ 10 വരെ അൽക്കദൂർ സ്വീറ്റ്സിൻ്റെ കാർലിങ്വുഡ്, ബേയ്ഷോർ, ബില്ലിങ്സ് ബ്രിഡ്ജ് എന്നിവിടങ്ങളിലെ ഷോപ്പുകളിൽ വിറ്റ ഉത്പന്നങ്ങളും ഓഗസ്റ്റ് 8 വരെ മിസ്റ്റർ കാക്കിൽ വിറ്റ ബക്ലാവയും ഈ റീക്കോളിൽ പെടുന്നു.
സാൽമൊണല്ല ബാധിച്ച ഭക്ഷണം സാധാരണയായി കാഴ്ചയിലോ മണത്തിലോ കേടുവന്നതായി തോന്നണമെന്നില്ല. എന്നിരുന്നാലും, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഇത് ഗുരുതരമായ അണുബാധകൾക്ക് വരെ കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില കേസുകളിൽ, ഇത് സന്ധിവാതം പോലുള്ള ദീർഘകാല രോഗങ്ങൾക്കും കാരണമാകാം. അതിനാൽ, ഈ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും വിൽക്കരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
ഈ വർഷം ഓന്റാരിയോ, ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധതരം പിസ്ത ഉത്പന്നങ്ങൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, സാൽമൊണല്ല ബാധയുമായി ബന്ധപ്പെട്ട് 62 കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 45 കേസുകൾ ക്യുബെക്കിലും 11 കേസുകൾ ഓന്റാരിയോയിലുമാണ്. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ വിവിധ ഏജൻസികൾ സംയുക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
Related news: പിസ്ത ചേർത്ത ചോക്ലേറ്റുകൾക്ക് മുന്നറിയിപ്പ്: സൽമൊണല്ല ബാക്ടീരിയ സാന്നിധ്യം, നിരവധി പേർക്ക് ഭക്ഷ്യവിഷബാധ
Salmonella threat; Pistachio products sold in Ottawa recalled



