പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ നോവ സ്കോഷ്യയിലെ ഡൽഹൗസി യൂണിവേഴ്സിറ്റി കടുത്ത പ്രതിസന്ധിയിൽ. സർവകലാശാല അധികൃതരുമായി ശമ്പള വർധനവിനെച്ചൊല്ലിയുണ്ടായ തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണം. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9:30 മുതൽ ഡൽഹൗസി ഫാക്കൽറ്റി അസോസിയേഷനിലെ ജീവനക്കാർക്ക് യൂണിവേഴ്സിറ്റി പ്രവേശനാനുമതി നിഷേധിച്ചതിനെ തുടർന്ന് (ലോക്കൗട്ട്) സമരം ആരംഭിക്കുകയായിരുന്നു. തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി യൂണിവേഴ്സിറ്റി മുന്നോട്ട് വെച്ച കരാർ വ്യവസ്ഥകൾ ഫാക്കൽറ്റി അസോസിയേഷൻ അംഗങ്ങൾ ശക്തമായി വോട്ടുചെയ്ത് തള്ളിക്കളഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ വഷളായത്.
ഓഗസ്റ്റ് 11-ന് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സ് മുന്നോട്ടുവെച്ച നിർദ്ദേശം ഫാക്കൽറ്റി അസോസിയേഷൻ അംഗങ്ങളിൽ 82.7 ശതമാനം പേരും വോട്ടുചെയ്ത് തള്ളുകയായിരുന്നു. അടുത്ത മൂന്ന് വർഷത്തേക്ക് രണ്ട് ശതമാനം ശമ്പള വർധനവ് നൽകാം എന്നതായിരുന്നു ഈ നിർദ്ദേശത്തിലെ പ്രധാന വ്യവസ്ഥ. എന്നാൽ തങ്ങളുടെ ആവശ്യം 3.75 ശതമാനം, 4.75 ശതമാനം, 5.75 ശതമാനം എന്നിങ്ങനെ മൂന്ന് വർഷത്തേക്ക് വർധനവ് വേണമെന്നാണ് ഫാക്കൽറ്റി അസോസിയേഷൻ ആവശ്യപ്പെടുന്നത്.
പണപ്പെരുപ്പത്തിനനുസരിച്ച് ശമ്പള വർധനവ് ലഭിക്കുന്നില്ലെന്നാണ് യൂണിയന്റെ പ്രധാന വാദം. എന്നാൽ സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും, മറ്റ് കനേഡിയൻ യൂണിവേഴ്സിറ്റികളെ അപേക്ഷിച്ച് ശമ്പളം മധ്യനിരയിലാണെന്നും യൂണിവേഴ്സിറ്റി അധികൃതർ വിശദീകരിക്കുന്നു.
വിദ്യാർത്ഥികൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഓഗസ്റ്റിൽ തന്നെ സമരം പരിഹരിക്കണമെന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് കിം ബ്രൂക്ക്സ് അറിയിച്ചത്. എന്നാൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളുണ്ടായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്ന് യൂണിയൻ പ്രസിഡന്റ് ഡേവ് വെസ്റ്റ്വുഡ് വ്യക്തമാക്കി. 981 അംഗങ്ങളുള്ള യൂണിയനിലെ 93 ശതമാനം പേരും വോട്ടെടുപ്പിൽ പങ്കെടുത്തത് തങ്ങളുടെ ആവശ്യങ്ങൾ എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫസർമാർ, ഇൻസ്ട്രക്ടർമാർ, ലൈബ്രേറിയൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ഉൾപ്പെടെ ഏകദേശം 1000 ജീവനക്കാരാണ് ഈ യൂണിയനിലുള്ളത്. നിലവിൽ യൂണിവേഴ്സിറ്റിയിലെ എല്ലാ ക്ലാസ്സുകളും നിർത്തിവെച്ചിരിക്കുകയാണ്.
Classes suspended at Dalhousie University over salary hike dispute



