ടെക്സസ്: ഡെൽറ്റ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം പറക്കുന്നതിനിടെ തകർന്നു വീണു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചു. യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഓർലാൻഡോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഓസ്റ്റിൻ-ബർഗ്സ്ട്രോം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 1893-ലാണ് സംഭവം. യാത്രക്കാർക്ക് ശക്തമായ കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് വിമാനത്തിന്റെ ചിറകിന്റെ ഭാഗം തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്.
വിമാനത്തിൽ 62 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിയായ ഷാനില ആരിഫ് ആണ് സിഎൻഎന്നിനോട് സംഭവം വിവരിച്ചത്. “മോശം കാലാവസ്ഥ കാരണം വിമാനം കുലുങ്ങുന്നതായി തോന്നി. ഞങ്ങളുടെ മുന്നിലിരുന്ന യുവതി ജനൽ തുറന്ന് നോക്കിയപ്പോൾ ചിറകിന്റെ ഭാഗം തകർന്നതായി അറിയിച്ചു. ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ ഭയന്നുപോയി,” ഷാനില പറഞ്ഞു.
ഷാനില ആരിഫ് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ, മണിക്കൂറിൽ നൂറുകണക്കിന് മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനത്തിന്റെ ചിറകിന്റെ ഫ്ലാപ്പ് തൂങ്ങിക്കിടക്കുന്നതായി കാണാം. തകർന്ന ഭാഗം പൂർണ്ണമായും വേർപെട്ടാൽ അത് വിമാനത്തിന്റെ പിൻഭാഗത്ത് തട്ടി അപകടമുണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നതായും അവർ പറഞ്ഞു. വിമാനം ലാൻഡ് ചെയ്തതിന് ശേഷം ഇടത് ചിറകിന്റെ ഫ്ലാപ്പിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ വിമാനം അറ്റകുറ്റപ്പണികൾക്കായി സർവീസിൽ നിന്ന് പിൻവലിച്ചു. ടേക്ക്-ഓഫിനും ലാൻഡിംഗിനും വേണ്ടി ചിറകുകളുടെ പിൻഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളാണ് ഫ്ലാപ്പുകൾ.
“വിഷമകരമായ ഈ അനുഭവത്തിന് ഞങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്,” ഡെൽറ്റ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഡെൽറ്റ എയർലൈൻസ് ഉറപ്പുനൽകി.



