ആൽബർട്ട പ്രവിശ്യയിൽ നടന്ന ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മണ്ഡലത്തിൽ 214 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഫെഡറൽ കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ പിയറി പൊയിലീവ്രെ മത്സരരംഗത്തുള്ളതാണ് ഈ തെരഞ്ഞെടുപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് പൊയിലീവ്രെന് അനിവാര്യമാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ഭാവിക്ക് ഈ വിജയം നിർണായകമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബാറ്റിൽ റിവർ-ക്രൗഫൂട്ട് മണ്ഡലത്തിൽ നിന്നാണ് പൊയിലീവ്രെ മത്സരിക്കുന്നത്. എഡ്മണ്ടൺ മുതൽ കാൽഗറി വരെ നീണ്ടുകിടക്കുന്ന ഈ മണ്ഡലം കൺസർവേറ്റീവ് പാർട്ടിയുടെ ഒരു നൂറ്റാണ്ടുകാലത്തെ ശക്തികേന്ദ്രമാണ്. 2004 മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കൺസർവേറ്റീവ് സ്ഥാനാർത്ഥികൾ 80 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ ഇത് 71 ശതമാനമായി കുറഞ്ഞിരുന്നു. അന്ന് മത്സരിച്ച ഡാമിയൻ കുറെക്ക് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ ഈ മണ്ഡലത്തിൽ പൊയിലീവ്രെന് അനായാസം വിജയിക്കാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
എങ്കിലും, ഇത്രയധികം സ്ഥാനാർത്ഥികൾ ഉള്ളതുകൊണ്ട് പൊയിലീവ്രെന്റെ വോട്ട് ശതമാനം കുറയാൻ സാധ്യതയുണ്ടെന്നും ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വെറും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വന്ന ഒരു “പാരച്യൂട്ട് സ്ഥാനാർത്ഥി” എന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ ബോണി ക്രിച്ച്‌ലി അടക്കമുള്ളവർ പൊയിലീവ്രെനെ വിശേഷിപ്പിക്കുന്നത്. കൂടാതെ, കാനഡയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന ‘ലോംഗസ്റ്റ് ബാലറ്റ് കമ്മിറ്റി’ എന്ന പ്രതിഷേധ ഗ്രൂപ്പിലെ ഭൂരിഭാഗം സ്ഥാനാർത്ഥികളും പോളിയേവിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. വോട്ടർമാർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ നേരിട്ട് എഴുതാനുള്ള സൗകര്യമാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
ഈ ഉപതെരഞ്ഞെടുപ്പിലെ ഫലം പൊയിലീവ്രെന്റെ രാഷ്ട്രീയ ഭാവിക്ക് ഒരു നിർണായക സൂചനയായിരിക്കുമെന്നാണ് കനേഡിയൻ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എതിരില്ലാതെ വിജയിക്കുക എന്നതിലുപരി, വൻ ഭൂരിപക്ഷത്തോടെ വിജയിക്കേണ്ടത് പൊയിലീവ്രെന് അനിവാര്യമാണ്. പാർട്ടിയിലെ അദ്ദേഹത്തിൻ്റെ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള സാധ്യതകളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. കാനഡയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി മാറിയ ഈ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ആകാംഷയോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Critical test for Poilivre; Alberta by-election in focus



