കായിക മികവിനും സമൂഹ്യ ബന്ധങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകികൊണ്ട് ഒന്റാരിയോയിലെ മലയാളി സമൂഹത്തിന് പുത്തൻ ഉണർവ്വേകാൻ സ്കാർബറോ സെന്റ് തോമസ് സീറോ മലബാർ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ സ്പോർട്സ് അക്കാദമി ഒരുങ്ങുന്നു. കൗമാരക്കാരായ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 14 വയസ്സിൽ താഴെയുള്ളവർക്കായുള്ള ഇന്റർചർച്ച് ഫുട്ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 23-ന് സ്കാർബറോയിലെ റോൺ വാട്സൺ പാർക്കിൽ വെച്ച് നടത്തപ്പെടും.
ഒന്റാറിയോയിലെ മലയാളി കൂട്ടായ്മയുടെ ശക്തി വിളിച്ചോതുന്ന ഈ കായിക മാമാങ്കം, കുട്ടികളിൽ കായികശേഷിയും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് സഹായകമാകുമെന്നാണ് സംഘാടകർ കരുതുന്നത്.കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ പിന്തുണയോടെ നടക്കുന്ന ഈ ടൂർണമെന്റിൽ ഒന്റാറിയോയിലെ വിവിധ പള്ളികളിൽ നിന്നുള്ള 12 ടീമുകൾ മാറ്റുരയ്ക്കും. കുട്ടികളുടെ കായികക്ഷമതയും സാമൂഹിക ഇടപെഴകലും മെച്ചപ്പെടുത്താനും ഒപ്പം മലയാളി സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്താനും ഈ പരിപാടി ലക്ഷ്യമിടുന്നു.
വിജയികൾക്ക് 1000 ഡോളറും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 500 ഡോളറും ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ, മികച്ച കളിക്കാരന് ഗോൾഡൻ ബൂട്ട്, മികച്ച ഗോളിക്ക് പ്രത്യേക പുരസ്കാരങ്ങൾ എന്നിവയും നൽകും.
ടൂർണമെന്റിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റിവലും വിവിധ കലാപരിപാടികളും അരങ്ങേറും. ഒന്റാറിയോയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ടീമുകൾ ഇതിനോടകം തന്നെ ടൂർണമെന്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Syro Malabar Sports Academy Inter Church Football Tournament



