ബ്രിട്ടീഷ് കൊളംബിയയിലെ സൺഷൈൻ കോസ്റ്റിലുള്ള മുൻ റെസിഡൻഷ്യൽ സ്കൂൾ സൈറ്റിൽ 41 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഷിഷാൽ ഫസ്റ്റ് നേഷൻ നടത്തിയ 18 മാസത്തെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. സെന്റ് അഗസ്റ്റിൻസ് റെസിഡൻഷ്യൽ സ്കൂളിന് സമീപം ഗ്രൗണ്ട്-പെനെട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ പുതിയ ശവക്കുഴികൾ കണ്ടെത്തിയത്. ഇതോടെ ഈ പ്രദേശത്ത് കണ്ടെത്തിയ ആകെ ശവക്കുഴികളുടെ എണ്ണം 81 ആയി ഉയർന്നു. 2023-ൽ നടന്ന ആദ്യഘട്ട പരിശോധനയിൽ 40 ശവക്കുഴികൾ കണ്ടെത്തിയിരുന്നു.
പുതിയ കണ്ടെത്തലിനെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയ ലെജിസ്ലേച്ചർ കെട്ടിടത്തിൽ ദുഃഖസൂചകമായി ഞായറാഴ്ച വരെ പതാക താഴ്ത്തിക്കെട്ടുമെന്ന് അധികൃതർ അറിയിച്ചു. “ഇത് ഞങ്ങളുടെ സമൂഹത്തിനും കുടുംബങ്ങൾക്കും വലിയ ദുരന്തത്തിന്റെ ദിവസമാണ്,” ഷിഷാൽ ഫസ്റ്റ് നേഷൻ തലവൻ ലെനോറ ജോ പറഞ്ഞു. “വർഷങ്ങളായി അതിജീവിച്ചവരും മുതിർന്നവരും ഓർമ്മകളും സത്യങ്ങളും നെഞ്ചിലേറ്റി നടന്നതിന്റെ ഫലമാണ് ഈ കണ്ടെത്തലുകൾ.” ഈ ദുരന്തം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണെങ്കിലും, തങ്ങളുടെ വേദനകളെ സ്വയം ഏറ്റെടുത്ത് ഭാവിയിലേക്ക് നീങ്ങാൻ സമൂഹം ഒരുങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
സെന്റ് അഗസ്റ്റിൻസ് റെസിഡൻഷ്യൽ സ്കൂളിൽ ഷിഷാൽ സമൂഹത്തിൽ നിന്നുള്ള കുട്ടികൾക്കൊപ്പം മറ്റ് 53 ഫസ്റ്റ് നേഷൻ സമൂഹങ്ങളിൽ നിന്നുള്ള കുട്ടികളും പഠിച്ചിരുന്നു. 1904 മുതൽ 1975 വരെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് ഫെഡറൽ സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. 1923-ൽ സ്കൂളിലെ മോശം ഭക്ഷണത്തെയും കഠിനമായ ശിക്ഷണത്തെയും ചൊല്ലി രക്ഷിതാക്കൾ പ്രതിഷേധിക്കുകയും തങ്ങളുടെ കുട്ടികളെ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. രാത്രികാലങ്ങളിൽ കുട്ടികളെ ജീവനക്കാർ സമീപത്തുള്ള വനങ്ങളിലേക്ക് കൊണ്ടുപോവുകയും പിന്നീട് അവർ മടങ്ങി വരാറില്ലെന്നും അതിജീവിച്ചവർ വെളിപ്പെടുത്തിയിരുന്നു. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് കൂടുതൽ തെളിവാണ് പുതിയ കണ്ടെത്തലുകൾ.
Another mass grave in British Columbia; Shocking new discovery, 41 more children's skeletons found



